ന്യൂഡല്ഹി: 30 ദിവസം ജയിലില് കിടന്നാല് മന്ത്രിമാര് പുറത്താകുന്ന വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ച് കോണ്ഗ്രസ് എംപി ശശി തരൂര്. 30 ദിവസം ജയിലില് കിടന്നാല് നിങ്ങള്ക്ക് മന്ത്രിയായി തുടരാന് കഴിയുമോയെന്ന് ശശി തരൂര് ചോദിച്ചു. അതൊരു സാമാന്യയുക്തിയാണ്. അതില് തെറ്റൊന്നും കാണാന് കഴിയുന്നില്ലെന്നും ശശി തരൂര് പ്രതികരിച്ചു. ബില്ലിനെതിരെ പ്രതിപക്ഷത്ത് നിന്നും വിമര്ശനം ശക്തമാകുന്നതിനിടെയാണ് ശശി തരൂരിന്റെ എതിര്ശബ്ദം.
അഞ്ച് വര്ഷം വരെ ശിക്ഷ കിട്ടാവുന്ന കേസില് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിമാരോ അറസ്റ്റിലായി 30 ദിവസം ജയിലില് കിടന്നാല് 31-ാം ദിവസം മന്ത്രിസ്ഥാനം നഷ്ടമാകും, സ്വയം രാജിവെച്ചില്ലെങ്കില് പ്രസിഡന്റിനോ ഗവര്ണര്ക്കോ ലെഫ്.ഗവര്ണര്ക്കോ മന്ത്രിമാരെ പുറത്താക്കാം, ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമെ ഇത് നടപ്പാക്കാനാകു എന്നതടക്കമുള്ള കാര്യങ്ങള് അടങ്ങുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില് അവതരിപ്പിക്കുന്നത്. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഉന്നംവെച്ചാണ് നീക്കമെന്ന് പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല് ഉള്പ്പടെയുള്ള നേതാക്കള് ആരോപിച്ചു.
പ്രതിപക്ഷ നിരക്കൊപ്പം എന്ഡിഎ സഖ്യത്തില് തുടരുന്ന ടിഡിപി, ജെഡിയു പോലുള്ള പാര്ട്ടികള്ക്കൂടിയുള്ള ഒരു കുരുക്കായാണ് കേന്ദ്ര സര്ക്കാര് നീക്കത്തെ വിലയിരുത്തുന്നത്. എന്നാല് ഭരണഘടനാ ഭേദഗതിക്കായുള്ള മൂന്നില് രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും ഉറപ്പാക്കുക സര്ക്കാരിന് എളുപ്പമാകില്ല. 543 അംഗ ലോക്സഭയില് ബില്ല് പാസാകണമെങ്കില് 363 അംഗങ്ങളുടെയും 245 അംഗ രാജ്യസഭയില് 163 അംഗങ്ങളുടെയും പിന്തുണ വേണം. നിലവില് സര്ക്കാരിന് ലോക്സഭയില് 293 അംഗങ്ങളുടെയും രാജ്യസഭയില് 132 അംഗങ്ങളുടെയും പിന്തുണ മാത്രമാണുള്ളത്. ബിജെഡി, വൈഎസ്ആര് ഉള്പ്പടെയുള്ള പാര്ട്ടികളെ കൂട്ടുപിടിച്ചാല് പോലും എണ്ണം തികക്കാന് സാധിച്ചേക്കില്ല. അതിനാല് ബില്ല് പാര്ലമെന്റ് കടക്കാനുള്ള സാധ്യത കുറവാണ്.
Content Highlights: Shashi Tharoor Differs With Congress In Constitution Amendment Bill