ശ്രീനഗര്: പഹല്ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന് ഹാഷിം മൂസ ഉള്പ്പെടെ മൂന്ന് പേരെ വധിച്ച ഓപ്പറേഷന് മഹാദേവിനായി നീണ്ട തയ്യാറെടുപ്പുകള് നടത്തിയിരുന്നുവെന്ന് റിപ്പോര്ട്ട്. സൈന്യം വധിച്ച സുലൈമാന് ഷായുടെയും സംഘത്തിന്റെയും നീക്കത്തെ പറ്റി കൃത്യമായ വിവരം ലഭിച്ചിരുന്നുവെന്നും ഈ മാസം തുടക്കം മുതല് തന്നെ നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് വിവരം. ഇവര് പാകിസ്ഥാന് ഭീകരവാദികളാണ്. ഭീകരരുടെ പക്കല് നിന്ന് വലിയ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ സന്ദേശങ്ങള് പിടിച്ചെടുത്തതാണ് ദൗത്യത്തില് നിര്ണായകമായത്. ഭീകരവാദികള് ഉപയോഗിച്ച ചൈനീസ് നിര്മിത അള്ട്രാ ഹൈ ഫ്രീക്വന്സി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് ലഭിച്ചത്. ലിദ്വാസിലെ മഹാദേവ് മലനിരകളിൽ ഭീകരർ ഒളിച്ചുവെന്ന വിവരം ലഭിച്ചതിനാലാണ് ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടത്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ മൂന്ന് പേരെയാണ് ഓപ്പറേഷനിൽ സുരക്ഷ സേന വധിച്ചത്. ശ്രീനഗറിലെ ഹർവാനിലെ ഡാച്ചിഗാം ദേശീയ ഉദ്യാനത്തിനടുത്തുള്ള ലിഡ്വാസ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്. മുൾനാർ മേഖലയിൽ തീവ്രവാദ നീക്കം നടക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (സിആർപിഎഫ്) ചേർന്നാണ് ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്.
മൂന്ന് തീവ്രവാദികള് കൊല്ലപ്പെട്ടതായി സുരക്ഷ ഉദ്യോഗസ്ഥര് തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല് ആരംഭിച്ചത്. മരിച്ച മൂന്നുപേരും പാകിസ്ഥാനികളാണ്. ലഷ്കര്-ഇ-തൊയ്ബ(എല്ഇടി)യില് പെട്ടവരാണെന്നും ശ്രീനഗര് എസ്എസ്പി ജിവി സുന്ദീപ് ചക്രവര്ത്തി പറഞ്ഞു.
Content Highlights- Operation Mahadev; Long preparations were made to assassinate Sulaiman Shah, including intercepting messages