ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില് സ്വകാര്യ സെക്യൂരിറ്റി ഗാര്ഡായി ജോലി ചെയ്തിരുന്ന 27കാരന് അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില് നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. ശിവാനന്ദ ശാലയില് ടിവികെയുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മാപ്പല്ല വേണ്ടത് നീതിയാണ് എന്ന പ്ലക്കാഡുയര്ത്തിയായിരുന്നു വിജയുടെ പ്രതിഷേധം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ചോദ്യങ്ങളുമായാണ് വിജയ് രംഗത്തെത്തിയത്.
24 കുടുംബങ്ങളോട് മാപ്പ് പറഞ്ഞ് കഴിഞ്ഞോയെന്നും വിജയ് ചോദിച്ചു. പാര്ട്ടി പ്രഖ്യാപനത്തിന് ശേഷമുളള വിജയ്യുടെ ആദ്യ വലിയ പൊതു റാലിയാണ് സംഘടിപ്പിച്ചത്. കസ്റ്റഡി മരണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില് അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തില് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ സിബിഐ നേരത്തെ കേസ് രജിസ്റ്റര് ചെയ്തിരുന്നു. സംഭവത്തില് സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്ന്നിരുന്നു. കസ്റ്റഡിയില് ക്രൂരമായ പീഡനത്തിന് അജിത് കുമാര് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു. നികിത എന്ന സ്ത്രീ നല്കിയ ആഭരണ മോഷണ പരാതിയെ തുടര്ന്നാണ് അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തത്. പിന്നീട് കസ്റ്റഡിയില് ദുരൂഹ സാഹചര്യത്തില് മരിച്ചെന്ന വിവരമാണ് പുറത്ത് വന്നത്. അജിതിന്റെ ശരീരത്തില് നാലപതോളം പരുക്കുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലുള്ളത്. ഇത് പൊലീസ് ചോദ്യം ചെയ്യലിനിടെയുണ്ടായ ക്രൂരമായ പീഡനമാണെന്ന് ശരിവയ്ക്കുന്നതാണ്.
സെഷന്സ് ജഡ്ജ് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കസ്റ്റഡിയില് അജിത് കുമാര് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സ്ഥിരീകരിച്ചിരുന്നു. കോടതിയാണ് സിബിഐയോട് അന്വേഷണ സംഘത്തെ നിയോഗിച്ച് ആഗസ്റ്റ് 20നുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് നിര്ദേശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി പൊലീസുകാരെ അറസ്റ്റ് ചെയ്തിരിരുന്നു.
Content Highlights: Actor Vijay To Lead Massive Protest Over Tamil Nadu Custodial Death Case