പാട്ന: ബിഹാറിലെ പൂര്‍ണിയയില്‍ അഞ്ച് പേരെ ചുട്ടുകൊന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മന്ത്രവാദം നടത്തി എന്ന് ആരോപിച്ച് ആയിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ടെറ്റ്മ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഈ ഗ്രാമത്തില്‍ മൂന്ന് ദിവസം മുമ്പ് ഒരു കുട്ടി മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണത്തിന് കൊല്ലപ്പെട്ട കുടുംബം കാരണക്കാരായി എന്ന പ്രതികളുടെ സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
16കാരനായ സോനു കുമാരാണ് കൊലപാതക വിവരം അറിയിച്ചതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്ഡിപിഒ) പങ്കജ് കുമാര്‍ ശര്‍മ പറഞ്ഞു. ഖുറുഖ് സമുദായത്തില്‍പ്പെട്ടവര്‍ തന്റെ കുടുംബത്തെ മര്‍ദിക്കുകയും ജീവനോടെ ചുട്ടുക്കൊല്ലുകയുമായിരുന്നുവെന്ന് സോനു അറിയിക്കുകയായിരുന്നു.
'അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ അവരുടെ ഗ്രാമത്തിലെത്തിയപ്പോള്‍ ബബുലാല്‍ ഖുറുഖ് (40), സീതാ ദേവി (40), മഞ്ജിത് ഖുറുഖ് (20), അരനയ ദേവി, കാക്തോ ദേവി (70) എന്നിവരെ കാണാനില്ലെന്ന വിവരം ലഭിച്ചു. പിന്നാലെ അവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി', അദ്ദേഹം പറഞ്ഞു.
രാംദേവ് ഒറയോണ്‍ എന്നയാളുടെ കുട്ടിയാണ് മൂന്ന് ദിവസം മുമ്പ് മരിച്ചത്. ഇതില്‍ കാക്തോ ദേവിയുടെ മന്ത്രവാദത്തിന് പങ്കുണ്ടെന്ന് ഗ്രാമ നിവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുടുംബത്തെ ആള്‍ക്കൂട്ടം ആക്രമിക്കുകയും ഇവരെ ബന്ദികളാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
Content Highlights: 5 family members killed in Bihar alleged black magic