ചെന്നൈ: മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയ യുവാവ് മരിച്ചത് പൊലീസ് കസ്റ്റഡിയിലെന്ന് ആരോപണം. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനെയാണ് തിരുപുവനം പൊലീസ് മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് ആരോപണം. എന്നാല്‍ കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത് കുമാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോല്‍ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത്ത് മരണപ്പെട്ടു എന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.
പൊലീസ് താനുള്‍പ്പെടെ 5 പേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന് അജിത്തിന്റെ സഹോദരന് നവീന്‍ ആരോപിച്ചു. 'അന്ന് ക്ഷേത്രത്തിലെത്തിയ സ്ത്രീ താന്‍ ശാരീരിക വൈകല്യമുളളയാളാണെന്നും വണ്ടി പാര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്നും സഹോദരനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവന് വാഹനമോടിക്കാന്‍ അറിയില്ല. അവന് മറ്റാരോടോ സഹായിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആഭരണം കാണാനില്ലെന്ന് ആരോപിച്ച് പൊലീസ് അജിത്തിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നെയും അരമണിക്കൂറോളം മര്‍ദിച്ചു. അജിത്തിനോട് കുറ്റം സമ്മദിക്കാന്‍ നിര്‍ബന്ധിച്ചു. എന്റെ സഹോദരന് ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. '-നവീന്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അജിത് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Temple Guard died during interrogation, familly alleges custody death in tamilnadu