മുംബൈ: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ജൂലൈ അഞ്ചിന് നടക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ അറിയിച്ച് എൻസിപി ശരദ് പവാർ വിഭാഗം. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുറന്ന കത്തിലാണ് എൻസിപി ശരദ് പവാർ വിഭാഗം പ്രതിഷേധത്തിൽ പങ്കുചേരാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രാദേശിക താൽപ്പര്യത്തിനൊപ്പം നിൽക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻസിപി ശരദ് പവാർ വിഭാഗത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീൽ നിലപാട് വ്യക്തമാക്കിയത്.
മഹാരാഷ്ട്രയുടെ താൽപ്പര്യം എപ്പോഴെല്ലാം വരുന്നോ അപ്പോഴെല്ലാം ഞങ്ങൾ മഹാരാഷ്ട്രയ്ക്കൊപ്പം നിൽക്കും. രാജ്യത്തിൻ്റെ താൽപ്പര്യം എപ്പോഴെല്ലാം വരുന്നോ അപ്പോഴെല്ലാം ഞങ്ങൾ രാജ്യത്തിൻ്റെ താൽപ്പര്യത്തിനൊപ്പം നിൽക്കും, രാഷ്ട്രീയ വിയോജിപ്പുകൾക്ക് അതീതമായി. അതാണ് എൻസിപി ശരദ് പവാർ വിഭാഗത്തിൻ്റെ നിലപാട് എന്നായിരുന്നു ജയന്ത് പാട്ടീലിൻ്റെ പ്രതികരണം. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ വേണമെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ വിദഗ്ധർ, രക്ഷിതാക്കൾ, ഭാഷാ വിദഗ്ധർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്നതും ജയന്ത് പാട്ടീൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മറാത്തി സംസാരിക്കുന്ന ജനങ്ങൾ ഹിന്ദിയടക്കം ഒന്നിലേറെ ഭാഷകൾ പഠിക്കുന്നതിനെ എതിർക്കുന്നില്ല. എന്നാൽ പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി. ത്രിഭാഷാ നയം മാതൃഭാഷയെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിച്ചാൽ മഹാരാഷ്ട്രയിലെ മറാത്ത സംസാരിക്കുന്ന ജനങ്ങൾ അത്തരം നീക്കത്തെ ഒരുമിച്ച് നിന്ന് എതിർക്കുമെന്നും ജയന്ത് പാട്ടീൽ മുന്നറിയിപ്പ് നൽകി. ഭാഷപരവും പ്രാദേശികവുമായി അസ്തിത്വം ചൂണ്ടിക്കാണിച്ച് പാർട്ടി ഭാരവാഹികളോടും ജനപ്രതിനിധികളോടും പ്രവർത്തകരോടും ജൂലൈ അഞ്ചിന് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ അണിചേരാൻ ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടു. സ്കൂൾ വിഭ്യാഭ്യാസത്തിൽ മറാത്ത ഭാഷയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്നും ജയന്ത് പാട്ടീൽ കൂട്ടിച്ചേർത്തു.
Content Highlights: July 5 March Against Hindi Imposition Sharad Pawar Led NCP Extends Support