കാത്തിരിപ്പ് അവസാനിച്ചു; മകന്‍ ജനിച്ച സന്തോഷം പങ്കുവെച്ച് തേജസ്വി യാദവ്

കുഞ്ഞിന്റെ ജനനത്തില്‍ തേജസ്വി യാദവിനും രാജശ്രീയ്ക്കും ആശംസയറിയിച്ച് തേജ് പ്രതാപ് യാദവ് രംഗത്തെത്തിയിരുന്നു

പട്‌ന: രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ച സന്തോഷം പങ്കുവെച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കാത്തിരിപ്പ് അവസാനിച്ചുവെന്നും ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നതെന്നും തേജസ്വി യാദവ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞിന്റെ ചിത്രങ്ങളും തേജസ്വി പങ്കുവെച്ചിട്ടുണ്ട്. തേജസ്വിയ്ക്കും പങ്കാളി രാജശ്രീയ്ക്കും കാത്യായിനി എന്ന് പേരുളള ഒരു പെണ്‍കുഞ്ഞ് കൂടിയുണ്ട്. 2023 മാര്‍ച്ചിലാണ് കാത്യായിനി ജനിച്ചത്. 2021-ലാണ് തേജസ്വി തന്റെ സഹപാഠിയായിരുന്ന റേച്ചല്‍ കൊഡിഞ്ഞോയെ വിവാഹംചെയ്തത്. വിവാഹശേഷം ഇവര്‍ പേര് രാജശ്രീ യാദവ് എന്നാക്കി മാറ്റുകയായിരുന്നു.

'കുടുംബത്തിലേക്ക് അഭിമാനത്തോടെ കൊച്ചുമകനെ സ്വാഗതം ചെയ്യുന്നു'എന്നാണ് കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ലാലു പ്രസാദ് യാദവ് എക്‌സില്‍ കുറിച്ചത്. ലാലു പ്രസാദ് യാദവ് മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് കുടുംബത്തില്‍ പുതിയ അതിഥി എത്തിയ വാര്‍ത്ത തേജസ്വി യാദവ് പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനത്തില്‍ തേജസ്വി യാദവിനും രാജശ്രീയ്ക്കും ആശംസയറിയിച്ച് തേജ് പ്രതാപ് യാദവ് രംഗത്തെത്തിയിരുന്നു. തനിക്ക് ഒരു വലിയച്ഛനാകാനുളള ഭാഗ്യമുണ്ടായെന്നും തേജസ്വിയ്ക്കും രാജശ്രീയാദവിനും അഭിനന്ദനവും ആശംസകളും നേരുകയാണെന്നും തേജ്പ്രതാപ് യാദവ് എക്‌സില്‍ കുറിച്ചു.

തേജസ്വി യാദവിന്റെ സഹോദരി രോഹിണി ആചാര്യയും കുഞ്ഞ് ജനിച്ച സന്തോഷം എക്‌സില്‍ പങ്കുവെച്ചിരുന്നു. 'ഇന്ന് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ബാലഗോപാലന്‍ എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട രാജശ്രീക്കും സഹോദരന്‍ തേജസ്വിയ്ക്കും മകള്‍ കാത്യായിനിയ്ക്കും ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ആര്‍ജെഡി കുടുംബത്തിനും അഭിനന്ദനങ്ങള്‍. കുടുംബത്തില്‍ എന്നും സന്തോഷം നിറഞ്ഞിരിക്കട്ടെ. പപ്പയുടെയും അമ്മയുടെയും വീട്ടുമുറ്റം കളിചിരികളാല്‍ നിറയട്ടെ.'-എന്നാണ് രോഹിണി ആചാര്യ കുറിച്ചത്.

Content Highlights: Tejashwi Yadav welcomes baby boy shares photos of baby with lalu prasad yadav

To advertise here,contact us