ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല, 2019നെക്കാൾ 50 സീറ്റോളം കുറയും: യോഗേന്ദ്ര യാദവ്

എന്ഡിഎയ്ക്ക് 65-70 സീറ്റുകള് കുറയുമെന്നും യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 272 സീറ്റില് കൂടുല് നേടില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്. ബിജെപിക്ക് 2019നെക്കാള് 50 സീറ്റ് കുറയുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. എന്ഡിഎയും കേവല ഭൂരിപക്ഷത്തിലേയ്ക്ക് എത്താന് സാധ്യതയില്ലെന്നാണ് യോഗേന്ദ്ര യാദവ് വിലയിരുത്തുന്നത്. എന്ഡിഎയ്ക്ക് 65-70 സീറ്റുകള് കുറയുമെന്നാണ് യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നത്. ബിജെപി 300നടുത്ത് സീറ്റുകള് നേടുമെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു യോഗേന്ദ്രയാദവ്. ദി വയറിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗേന്ദ്ര യാദവ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശകലനം പങ്കുവെച്ചത്.

മോദിയുടെ പ്രതിച്ഛായയില് ഇടിവുണ്ടായി, രാമക്ഷേത്രം ചലനമുണ്ടാക്കിയില്ല, ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നെല്ലാം വിലയിരുത്തിയ ശേഷം ബിജെപിക്ക് 303 സീറ്റില് കൂടുതല് കിട്ടുമെന്ന പ്രശാന്ത് കിഷോറിന്റെ വിലയിരുത്തലിനെയും യോഗേന്ദ്ര യാദവ് ചോദ്യം ചെയ്തു. ബംഗാളിൽ നിലവിലുള്ള സീറ്റിനെക്കാൾ നേട്ടം ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യോഗേന്ദ്ര യാദവിൻ്റെ വിലയിരുത്തൽ. എന്നാല് ഒഡീഷയിൽ ബിജെപിക്ക് നിലവിലുള്ളതിനെക്കാൾ സീറ്റുകൾ കൂടുമെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.

ബംഗാളില് പ്രതിപക്ഷ സഖ്യമില്ലാത്തത് ബിജെപിക്ക് നേട്ടമായേക്കുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്. അപ്പോഴും 2019ല് നേടിയ 18 സീറ്റ് ബിജെപി നേടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശകലനം. ബംഗാളില് ബിജെപിക്ക് വിജയിക്കാന് സാധിക്കുക പരമാവധി 15 സീറ്റിലാണെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി. കോണ്ഗ്രസ്-സിപിഐഎം സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന് സാധിക്കില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്. ബംഗാളില് മത്സരം തൃണമൂല് കോണ്ഗ്രസും ബിജെപിയും തമ്മിലാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില് ഒറീസയില് ബിജെപിക്ക് മുന്നറ്റമുണ്ടെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചു. ഒഡീഷയില് നിയമസഭാ തിരഞ്ഞെടുപ്പില് ബിജു ജനതാദള് ഭരണം നിലനിര്ത്തുമെന്ന് വിശദീകരിച്ച യോഗേന്ദ്ര യാദവ് ലോക്സഭയില് ബിജെപി നിലവിലുള്ള എട്ട് സീറ്റികളെക്കാള് മുന്നേറ്റമുണ്ടാക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ഒഡീഷയില് ബിജെപിക്ക് 4 സീറ്റുകള് അധികം ലഭിക്കുമെന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്.

ബിജെപി 370 സീറ്റ് നേടാന് പോകുന്നില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 300 സീറ്റുകളുടെ അടുത്ത് ബിജെപി നേടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ഒഡീഷ, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള് എന്നിവിടങ്ങളില് ബിജെപി നേട്ടമുണ്ടാക്കുമെന്നും പ്രശാന്ത് കിഷോര് വിലയിരുത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തരേന്ത്യയിലും പടിഞ്ഞാറന് ഇന്ത്യയിലും കുറഞ്ഞത് നൂറ് സീറ്റുകളില് പരാജയപ്പെടുത്തിയാല് മാത്രമേ ബിജെപി പരാജയത്തിന്റെ ചൂടറിയുകയുള്ളൂ. എന്നാല് അത് സംഭവിക്കാന് പോകുന്നില്ലെന്നും പ്രശാന്ത് കിഷോര് പറഞ്ഞിരുന്നു.

To advertise here,contact us