വനാവകാശ നിയമം പ്രധാനവിഷയമായി മാറുന്ന 153 ലോക്സഭാ മണ്ഡലങ്ങൾ; 103 മണ്ഡലങ്ങൾ ബിജെപിയുടെ കൈവശം

എഫ്ആര്എ ബാധിക്കുന്ന 11 സീറ്റുകള് വീതം കോണ്ഗ്രസും ബിജു ജനതാദളും, ശിവസേന അഞ്ച്, ബിആര്എസ്, വൈഎസ്ആര് കോണ്ഗ്രസ് അഞ്ച് വീതം എന്സിപി നാല് എന്നിവരും പ്രതിനിധീകരിക്കുന്നു

ന്യൂഡൽഹി: വനാവകാശ നിയമം (എഫ്ആര്എ) 2006 നടപ്പാക്കുന്നത് പ്രധാനവിഷയമായി മാറുന്ന രാജ്യത്തെ 153 ലോക്സഭാ മണ്ഡലങ്ങളില് 103 മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ബിജെപിയുടെ എം പിമാര്. എഫ്ആര്എ ബാധിക്കുന്ന 11 സീറ്റുകള് വീതം കോണ്ഗ്രസും ബിജു ജനതാദളും പ്രതിനിധീകരിക്കുന്നു. ശിവസേന അഞ്ച്, ബിആര്എസ്, വൈഎസ്ആര് കോണ്ഗ്രസ് അഞ്ച് വീതം എന്സിപി നാല് എന്നിങ്ങനെയാണ് എഫ്ആര്എ ബാധിക്കുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പാര്ട്ടികളുടെ ലോക്സഭയിലെ സാന്നിധ്യം. സ്വതന്ത്ര ഏജന്സിയായ വസുദ്ധര ഫൗണ്ട് ആണ് ഇത് സംബന്ധിച്ച വിവരശേഖരണവും വിശകലനവും നടത്തിയത്.

പട്ടികവര്ഗക്കാര്ക്കും മറ്റ് പരമ്പരാഗത വനവാസി വിഭാഗങ്ങള്ക്കും ചരിത്രപരമായി സംഭവിച്ച അനീതി പരിഹരിക്കുന്നതിലെ ഒരു നാഴികക്കല്ലായാണ് വനാവകാശ നിയമം-2006 കണക്കാക്കപ്പെടുന്നത്. വനാവകാശ നിയമം വേണമെന്ന് ജനങ്ങള് ആവശ്യപ്പെടുന്ന 86 ലോക്സഭാ സീറ്റുകള് ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വനാവകാശ നിയമത്തിന് അര്ഹരായ 40 ശതമാനത്തിലധികം വോട്ടര്മാര് ഉള്ള 45 സീറ്റുകള് ഉള്ളതായാണ് കണക്കാക്കുന്നത്. ഈ സീറ്റുകളില് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് 5 എണ്ണം മാത്രമാണ് കോണ്ഗ്രസ് നേടിയത്.രാജ്യത്താകെ 47 പട്ടിക വര്ഗ്ഗ സംവരണ സീറ്റുകളാണുള്ളത്. അതില് 42 എണ്ണവും പ്രധാനപ്പെട്ട എഫ്ആര്എ മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. 2019ല് ബിജെപി 31 പട്ടികവര്ഗ്ഗ സംവരണ സീറ്റുകളും കോണ്ഗ്രസിന് 3 സീറ്റും മാത്രമാണ് ലഭിച്ചത്.

സര്ക്കാര് കണക്കുകള് പ്രകാരം കഴിഞ്ഞ അഞ്ച് വര്ഷത്തിനുള്ളില് എഫ്ആര്എ അവകാശങ്ങള് തീര്പ്പാക്കല് നിരക്ക് 87.72 ശതമാനത്തില് നിന്ന് 84.44 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ 7,88,948 പുതിയ ക്ലെയിമുകള് ഫയല് ചെയ്തപ്പോള് 5,21,143 എണ്ണമാണ് അംഗീകരിക്കപ്പെട്ടത്. ഈ കാലയളവില് 5,827 ക്ലെയിമുകള് നിരസിക്കപ്പെട്ടു. 2024 ഫെബ്രുവരി 29 വരെ മൊത്തം 50,26,801 ക്ലെയിമുകള് (48,36,013 വ്യക്തികള്) ഫയല് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില് 23,70,011 വ്യക്തിഗത ടൈറ്റിലുകള് ഉള്പ്പെടെ 24,85,191 ടൈറ്റിലുകള് (49.44 ശതമാനം) വിതരണം ചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. അഞ്ച് വര്ഷം മുമ്പ് മൊത്തം ക്ലെയിമുകളുടെ എണ്ണം 42,37,853 ആയിരുന്നു (40,89,035 വ്യക്തികള്). ഇതില് നിന്നും ഇതിനകം വിതരണം ചെയ്ത ശീര്ഷകങ്ങളുടെ എണ്ണം 19,64,048 (18,87,894 വ്യക്തികള്) ആയിരുന്നു. 2020ലും 2021ലും വനാവകാശ നിയനം നടപ്പിലാക്കുന്നതില് കോവിഡ് മഹാമാരി തടസ്സമായെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല് രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും അഴിമതിയുമാണ് തടസ്സമായതെന്നാണ് വിദഗ്ധര് പറയുന്നത്.

ഉത്തരാഖണ്ഡ്, ഉത്തര്പ്രദേശ്, ബിഹാര്, കര്ണാടക, പശ്ചിമ ബംഗാള്, ജമ്മു കശ്മീര്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവയുള്പ്പെടെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വനാവകാശ നിയമം 2006 പ്രകാരം ഇതുവരെ സമര്പ്പിച്ച ക്ലെയിമുകളില് 50 ശതമാനവും നിരസിച്ചതായാണ് ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും ഉയര്ന്ന ക്ലെയിം നിരസിക്കല് നിരക്കുള്ളത്. 97.23 ശതമാനമാണ് ഉത്തരാഖണ്ഡിലെ ക്ലെയിം നിരസിക്കല് നിരക്ക്. ഉത്തരാഖണ്ഡില് ഇതുവരെ മൊത്തം 6,678 ക്ലെയിമുകള് ഫയല് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാല് വിതരണം ചെയ്തത് 185 ടൈറ്റിലുകള് മാത്രമാണ്. ഛത്തീസ്ഗഢിലാണ് ഏറ്റവും കൂടുതല് ക്ലെയിമുകള് നിരസിച്ചത്. ഇതുവരെ ലഭിച്ച 9,41,977 ക്ലെയിമുകളില് 4,00,649 എണ്ണം ഇതുവരെ നിരസിച്ചു. ഇതുവരെ സമര്പ്പിച്ച 2,94,489 ക്ലെയിമുകളില് 2,53,269 ശതമാനമാണ് കര്ണാടക നിരസിച്ചത്. കര്ണാടക അനുവദിച്ച ഭൂമിയുടെ അളവ് ശരാശരി 0.8 ഏക്കറാണെന്നും ഇത് ഉപജീവനമാര്ഗം കണ്ടെത്താന് കഴിയാത്തത്ര ചെറിയ പ്രദേശമാണെന്നും പരാതികളുണ്ട്.

To advertise here,contact us