ഒമ്പത് സിം വരെ ഒരാളുടെ പേരില്, കൂടിയാല് സറണ്ടര്; മൊബൈൽ ഫോണുളളവർക്ക് യുണീക് ഐഡി വരുന്നു

ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരും.

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) വരുന്നു. ഒരാൾക്ക് പല നമ്പറുകൾ ഉണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. സൈബർ തട്ടിപ്പുകൾ തടയുകയാണ് യുണീക് നമ്പർ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം. ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ തിരിച്ചറിയൽ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്താം.

ആയുഷ്മാൻ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ ഐഡിക്ക് സമാനമായിരിക്കും ഈ നമ്പറും. ഒരാളുടെ പേരിലുളള വിവിധ സിം കാർഡുകൾ, വാങ്ങിയ സ്ഥലം, സജീവമായ സിം കാർഡ് ഏത്, ഉപയോഗിക്കുന്ന സ്ഥലം, ഉപയോക്താവിന്റെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവിധ വിശദാംശങ്ങൾ മൊബൈൽ യുണീക് ഐഡി നമ്പർ ശേഖരിക്കും. സിം കാർഡുകൾ കൈവശമുള്ള ഉപയോക്താക്കളെ സുഗമമായി തിരിച്ചറിയാനും മൊബൈൽ കസ്റ്റമർ ഐഡി ഉപയോഗിക്കാം. കുടുംബാംഗത്തിന് ഉപയോഗിക്കാനാണ് സിം എങ്കിൽ അക്കാര്യവും അറിയിക്കേണ്ടി വരും.

ഒമ്പത് സിം വരെ ഒരാളുടെ പേരിൽ എടുക്കാം. കൂടുതലുളള സിം സറണ്ടർ ചെയ്യണം. ഒരാൾക്ക് അനുവദനീയമായതിലേറെ സിം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ എല്ലാ കണക്ഷനുകൾക്കും റീ വെരിഫിക്കേഷനുണ്ടാകും.

പ്രായം, ലിംഗഭേദം, വൈവാഹിക നില, വരുമാനം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്തൃ ഐഡികൾ ഗ്രൂപ്പുചെയ്യാനാണ് പദ്ധതി. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ഐഡിയും ബന്ധപ്പെട്ട സിം കാർഡുകളും ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാൻ സർക്കാരിന് ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയും. ഉപഭോക്തൃ ഐഡികളുമായി ബന്ധപ്പെട്ട സിം കാർഡുകളുടെ ഉപയോഗ രീതികളും വിശകലനം ചെയ്യാൻ സാധ്യതയുണ്ട്. ബൾക്ക് സിം കാർഡുകളുടെ വിൽപ്പന നിർത്തലാക്കും. ഡിസംബർ ഒന്നു മുതൽ നിയമങ്ങൾ നിലവിൽ വരും.കഴിഞ്ഞ ആറ് മാസത്തിനിടെ 6.4 ദശലക്ഷത്തിലധികം വ്യാജ ഫോൺ കണക്ഷനുകൾ ടെലികോം വകുപ്പ് വിച്ഛേദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

To advertise here,contact us