തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് നഷ്ടപരിഹാരമായി 50,000 രൂപ നല്കാന് ദേശീയ മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന് നിര്‍ദേശം നല്കി. നടപടി ആശ്വാസകരമാണെങ്കിലും തുക സ്വീകരിക്കില്ലെന്നും തന്നെ ആക്രമിച്ചവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നുമാണ് സുജിത്തിന്റെ പ്രതികരണം.
വി എം സുധീരന് നല്കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് വിഷയത്തില്‍ ഇടപെട്ടത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് തുക നല്‍കണമെന്നും വ്യക്തമാക്കി. കസ്റ്റഡി മര്‍ദന പരാതി വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2023 ഏപ്രില്‍ 5 ന് കാണിപ്പയ്യൂരിലാണ് വിവാദമായ സംഭവത്തിന്റെ തുടക്കം. പൊതുസ്ഥലത്ത് മദ്യപിച്ചു ശല്യമുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനെ സുജിത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെ സുജിത്തിനെ ബലം പ്രയോഗിച്ച് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
കസ്റ്റഡി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുജിത്തും സുഹൃത്തുക്കളും നിയമപോരാട്ടം നടത്തി പുറത്തുകൊണ്ടുവരികയായിരുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സുജിത്തിന് കഴിഞ്ഞത്. സംഭവം വലിയ വാര്‍ത്തയും ചര്‍ച്ചയുമായതിനെ തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. ആരോപണവിധേയരായ സബ് ഇന്‍സ്പെക്ടര്‍ നുഹ്മാന്‍, സീനിയര്‍ സിപിഓ ശശീന്ദ്രന്, സിപിഓമാരായ സന്ദീപ്, സജീവന് എന്നിവര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്ത്രമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
Content Highlights: NHRC orders Rs 50,000 compensation for Youth Congress leader VS Sujith over alleged police custodial assault in Thrissur; Sujith refuses compensation and demands strict action against the officers involved