ചേരാനല്ലൂര്‍ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും, വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ

പകരം ചുമതല ആര്‍ നിശാന്തിനിക്ക് നല്‍കിയേക്കുമെന്നും വിവരമുണ്ട്

കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് മധ്യവയസ്‌കന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ കൂടുതല്‍ നടപടികളുമായി വകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ ഉടന്‍ മാറ്റുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പകരം ചുമതല ആര്‍ നിശാന്തിനിക്ക് നല്‍കിയേക്കുമെന്നും വിവരമുണ്ട്.

സിറ്റി പോലീസ് കമ്മീഷണർ കാളി രാജ് മഹേഷിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷണറുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് രഹസ്യന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയത്. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് കമ്മീഷണറും ഉത്തരവാദിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ കമ്മീഷണറെ നേരിട്ട് വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചിരുന്നു. കമ്മീഷണറുടെ പ്രവർത്തനത്തിലുള്ള അതൃപ്തി ഡിജിപിയെയും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാര്‍ കെ എസ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സംഭവസ്ഥലം സന്ദര്‍ശിച്ച് എഡിജിപി പി വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാര്‍ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

അതേസമയം പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി രാജീവ് രംഗത്തെത്തി. ആഭ്യന്തരമന്ത്രി ഇടപെട്ടാല്‍ മാത്രമാണ് പൊലീസ് ശരിയായി പ്രവര്‍ത്തിക്കുന്നതെന്നാണ് പി രാജീവ് ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിച്ചത്. ഒരോ പൊലീസ് സ്റ്റേഷനിലും ചെന്നിത്തല എസ്‌ഐ ആയി സ്ഥാനം ഏറ്റെടുക്കേണ്ടി വരുമെന്നും രാജീവ് പരിഹസിച്ചു.

'കുടുംബം ഇപ്പോഴും വലിയ ആശങ്കയിലാണ്. ജയബാലകൃഷ്ണന്റെ ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു. കുടുംബത്തിന് ഇപ്പോഴും പൂര്‍ണ്ണ വിശ്വാസമായിട്ടില്ല. പ്രതിക്ക് ജാമ്യം കിട്ടിയതില്‍ ആശങ്കയുണ്ട്. ജാമ്യം നിഷേധിക്കുന്നതിനുള്ള നിലപാട് പൊലീസ് സ്വീകരിച്ചിട്ടില്ല. ജഡ്ജിക്ക് പൊലീസ് സഹായം ലഭിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്. നാട്ടില്‍ ഇരട്ട നീതിയാണ്. സാധാരണക്കാരനും പണക്കാരനും വേറെ വേറെ നീതി. ആഭ്യന്തര മന്ത്രി പറയുന്ന പോലെയല്ല പൊലീസ് പ്രവര്‍ത്തിക്കുന്നത്. 17കാരന് ജാമ്യം നിഷേധിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പൊലീസ് വേണ്ട ഇടപെടല്‍ നടത്തിയില്ല. ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെടാന്‍ ശ്രമിച്ച സാഹചര്യം ഉണ്ടായി', പി രാജീവ് ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

Content Highlights: Kerala authorities are considering further action over alleged police lapses in the Cheranalloor fatal accident case, with reports suggesting Kochi City Police Commissioner Kaliraj Mahesh Kumar may soon be replaced.

To advertise here,contact us