ചേരാനല്ലൂർ വാഹനാപകടം; വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

17-കാരന്റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിര്‍ദേശം നൽകി

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാൻ നിര്‍ദ്ദേശം നൽകി. പൊലീസുകാരുടെ വീഴ്ച അന്വേഷിക്കും. 17-കാരന്റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിര്‍ദേശം നൽകി. വാഹന ഉടമയായ ജഡ്ജിക്കെതിരെയും ആഭ്യന്തരവകുപ്പ് നിലപാട് കടുപ്പിക്കുകയാണ്.

ജഡ്ജിയെ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. എഡിജിപി പി വിജയന്‍ നാളെ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കും. കുടുംബത്തെ ആഭ്യന്തരമന്ത്രി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിലെ സമരം തത്കാലത്തേക്ക് ജയബാലകൃഷ്ണന്റെ കുടുംബം അവസാനിപ്പിച്ചു. നാളെ നാലുമണിവരെ സമയം അനുവദിക്കുമെന്നും അതിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നുമാണ് കുടുംബം വ്യക്തമാക്കിയത്.

നേരത്തെ കുടുംബമുൾപ്പെടെ നടത്തിയ പ്രതിഷേധത്തിനൊടുവിൽ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടർ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിക്കുകയും അതിടിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബം.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

Content Highlights: ramesh chennithala takes further action in cheranalloor accident case

To advertise here,contact us