സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനോ? ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സില്‍ വൻ ദുരൂഹത, വിദേശത്ത് നിന്നും നിക്ഷേപ നീക്കം

പിപിപി മാതൃകയില്‍ സ്വകാര്യ നിക്ഷേപം നടത്താനാണ് നീക്കം നടക്കുന്നത്

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സില്‍ വന്‍ ദുരൂഹതയെന്ന് വിവരം. സ്വകാര്യ മൂലധന നിക്ഷേപവും ആരോഗ്യ പാസ്‌പോര്‍ട്ടും അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ആദ്യ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നോര്‍ക്ക ഗ്ലോബല്‍ ഹെല്‍ത്ത് ഫണ്ട് വഴി 1000 കോടി നിക്ഷേപം സമാഹരിക്കാമെന്ന് അംഗങ്ങള്‍ നിര്‍ദേശം മുന്നോട്ട് വെച്ചു എന്നാണ് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഫണ്ട് സമാഹരിക്കാം എന്നും നിര്‍ദ്ദേശമുണ്ട്. ടാസ്‌ക് ഫോഴ്‌സിലെ പ്രധാന ചര്‍ച്ച കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്‌പോര്‍ട്ടായിരുന്നു. ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാണ്. എന്നാല്‍ ആരോഗ്യ ഡേറ്റ സ്വകാര്യ വ്യക്തികളില്‍ എത്തുമെന്നാണ് ആശങ്കയാണ് ഉയരുന്നത്.

പിപിപി മാതൃകയില്‍ സ്വകാര്യ നിക്ഷേപം നടത്താനാണ് നീക്കം നടക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് ആരോഗ്യ രംഗത്തെ തീറെഴുതാനുള്ള പദ്ധതിയോണോ എന്നതാണ് ഉയരുന്ന ആശങ്ക. ടാസ്‌ക് ഫോഴ്‌സിന്റെ പവര്‍ പോയിന്റ് പ്രസന്റേഷനിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നോര്‍ക്ക ഗ്ലോബല്‍ ഹെല്‍ത്ത് ഫണ്ട് വഴി 1000 കോടി നിക്ഷേപം സമാഹരിക്കാനായി 10000 ഗ്ലോബല്‍ അംഗങ്ങളെ കണ്ടെത്തണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരാള്‍ 10 ലക്ഷം വീതം നിക്ഷേപിക്കുന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിക്കാന്‍ നീക്കം നടക്കുന്നത്. സമാഹരിക്കുന്ന പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യ പാസ്‌പോര്‍ട്ടും കൊണ്ട് വരാമെന്നാണ് ഉദ്ദേശിക്കുന്നത്. ഫണ്ട് ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളും മറ്റ് പ്രൈവറ്റ് ശൃംഖലകളും ഉണ്ടാകും എന്നാണ് നിര്‍ദ്ദേശം. പ്രഥമദൃഷ്ട്യ തന്നെ ആരോഗ്യ മേഖലയില്‍ സ്വകാര്യ മൂലധന നിക്ഷേപം കൊണ്ടുവരാനുള്ള നീക്കമാണെന്ന് ഇതിലൂടെ വ്യക്തമാണ്.

കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് (കെപാസ്) എന്ന നിലയിലാണ് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഒരോ വ്യക്തികളുടേയും ആരോഗ്യ വിവരങ്ങള്‍ ഏകോപിപ്പിച്ച് തുടക്കത്തില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തുക, ലബോറട്ടറി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഒരു ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കാനാണ് നീക്കം. എന്നാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ഇത്തരം പ്രവൃത്തികളില്‍ വ്യക്തിവിവരങ്ങള്‍ എത്രകണ്ട് സുരക്ഷിതമാണെന്നാണ് ഉയരുന്ന മറ്റൊരാശങ്ക. കൂടാതെ നിലവില്‍ തന്നെ ഇ-ഹെല്‍ത്ത് അടക്കമുള്ള പദ്ധതികള്‍ ഉള്ളതിനാല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടിന്റെ ആവശ്യകത എന്താണെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

ആരോഗ്യമേഖലയിലെ കച്ചവട നീക്കത്തിന്റെ ഭാഗമായാണോ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് ആക്ഷേപം ശക്തമായിരുന്നു. ആരോഗ്യമേഖലയിലെ സമഗ്ര മാറ്റത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. എന്നാല്‍ 16 അംഗ സമിതിയിലെ കൂടുതല്‍ അംഗങ്ങളും വന്‍കിയ കോര്‍പ്പറേറ്റ് സ്ഥാപന ഉടമകളാണെന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സമിതിയില്‍ വന്‍കിട സ്വകാര്യ ലാബ് മുതലാളിയും സ്വകാര്യ ആശുപത്രി വ്യവസായികളും അംഗങ്ങളായുള്ളപ്പോള്‍, പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനമുണ്ട്.

12 അംഗങ്ങളില്‍ പലരും അഴിമതി ആരോപണം ഉള്‍പ്പടെ നേരിടുന്നവരാണെന്നതാണ് മറ്റൊരു വസ്തുത. കച്ചവട താല്‍പ്പര്യം മാത്രമാണ് സമിതിയുടെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരിരുന്നു. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററുമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കറും സമിതിയിലുണ്ട്.

Content Highlights: Kerala’s health task force reportedly discussed proposals to mobilise ₹1,000 crore through the Norka Global Health Fund, including funding from foreign countries and insurance companies. The first meeting also focused on a proposed Kerala Preventive Health Passport intended to bring individuals’ health information together. Details of the proposals presented at the meeting were obtained by Reporter. The health passport proposal has raised concerns about whether sensitive personal health data could reach private entities.

To advertise here,contact us