ശിവഗിരിയില്‍ RSSന്റെ രാഷ്ട്രീയ പദ്ധതി? ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ RSS പാനൽ

രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് സ്വാമി ശുഭാംഗാനന്ദ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

കോഴിക്കോട്: ശിവഗിരിയില്‍ സ്വാധീനമുണ്ടാക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമെന്ന് ആരോപണം. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ് ആര്‍എസ്എസ് ഇടപെടലെന്ന ആരോപണം ഉയര്‍ന്നത്. പതിനൊന്നംഗ ബോര്‍ഡിലേക്ക് ആര്‍എസ്എസ് പാനലും മത്സര രംഗത്തുണ്ട്. 32 സംന്യാസിമാരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 11 പേര്‍ക്ക് ആര്‍എസ്എസ് പിന്തുണയുണ്ടെന്നാണ് സൂചന. രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് സ്വാമി ശുഭാംഗാനന്ദ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചില സന്യാസിമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ കൂടെയുണ്ടായിരുന്നതായി ശ്രദ്ധയില്‍പെട്ടെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആര്‍എസ്എസുമായി ഒരു കാലത്തും ചേര്‍ന്ന് പോകുന്നതല്ല എന്നതാണ് പൊതുവേ ഉള്ള വിലയിരുത്തല്‍. എന്നാല്‍ ഈഴവ സമുദായത്തിനിടയില്‍ ആര്‍എസ്എസിന്റെ സ്വാധീനം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നത്. അതിനായി ബിജെപി എസ്എന്‍ഡിപിയില്‍ നിന്ന് ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കിയെങ്കിലും അത് അത്രകണ്ട് ഫലം ചെയ്തിരുന്നില്ല. ഇപ്പോഴും ഈഴവ സമുദായത്തിന്റെയും മറ്റ് ഒബിസി ക്യാറ്റഗറിയുടേയും വോട്ടുകള്‍ സിപിഐഎമ്മിനാണ് പോകുന്നത് എന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. ഇതിനെതിരായ നീക്കമാണ് ശിവഗിരി വഴി ആര്‍എസ്എസ് ലക്ഷ്യംവെക്കുന്നത്. ധര്‍മസംഘം ട്രസ്റ്റിന്റെ തെരഞ്ഞെടുപ്പ് 22നാണ് നടക്കുന്നത്. ചില സന്യാസിമാര്‍ നോമിനേഷന്‍ നല്‍കാന്‍ വരുന്ന ഘട്ടത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ഒപ്പം ഉണ്ടായിരുന്നതില്‍ ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. ഇതിലാണ് ശുഭാംഗാനന്ദ ആശങ്ക പങ്കുവെച്ചത്.

ശിവഗിരി മഠത്തിലെ പല സന്യാസിമാര്‍ക്കും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം നേരിട്ട് പാനല്‍ അവതിരിപ്പിക്കുകയും അവര്‍ക്ക് സ്വാധീനമുള്ള പാനല്‍ ജയിച്ച് കേറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയുമില്ല. ട്രസ്റ്റ് ഭാരവാഹികള്‍ക്ക് പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടാകുന്നതും പരിപാടികളില്‍ കൂടുതലായി അത്തരം ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നത് മുന്‍ കാലങ്ങളില്‍ നടന്നിരുന്നു. എങ്കില്‍ക്കൂടി എല്ലാവരോടും ഒരു പോലെ ബന്ധം പുലര്‍ത്താനുള്ള സമീപനം ശിവഗിരി മഠം പുലര്‍ത്തിപ്പോന്നിരുന്നു. ശ്രീനാരായണ ദര്‍ശനങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനാങ്ങളാണ് നടക്കുന്നതെന്നാണ് മഠം വ്യക്തമാക്കുന്നത്. ആര്‍എസ്എസിന്റെ നീക്കത്തെ ഏത് വിധേനയും എതിര്‍ക്കുമെന്നാണ് മഠം വ്യക്തമാക്കുന്നത്. 56 പേര്‍ക്കാണ് ട്രസ്റ്റില്‍ വോട്ടവകാശം ഉള്ളത്. 11 ആംഗ ബോര്‍ഡിനെയാണ് തിരഞ്ഞെടുക്കേണ്ടത്.

Content Highlights: Allegations of a planned RSS effort to gain influence at Sivagiri have emerged ahead of the Sree Narayana Dharma Sangham Trust Board election. An RSS-backed panel is reportedly contesting for the 11-member board, with 32 monks in the race and 11 said to have RSS support. Trust general secretary Swami Shubangananda said political influence would not succeed and noted that RSS leaders had accompanied some monks while they submitted nomination papers.

To advertise here,contact us