ഒടുവില്‍ കൈവിട്ട് സര്‍ക്കാര്‍; ടോം ജോസഫിന്‌റെ കെഎഎസ്ഇ അംഗത്വം റദ്ദാക്കി

ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയി പകരം ഡയറക്ടറാകും

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിന് സർക്കാർ സമിതിയിൽ നൽകിയ അംഗത്വം റദ്ദാക്കി. കേരള അക്കാദമി ഫോർ സ്കിൽ എക്‌സലൻസിലെ ഡയറക്ടർ പദവിയാണ് ഒഴിവാക്കിയത്. ടോമിൻ്റെ ക്രിമിനൽ പശ്ചാത്തലവും, മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ടോം ജോസഫ് സമ്മാനിച്ച ഹോണററി പദവിയുടെ വിവരങ്ങളും പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ വാർത്തകളെ തുടർന്നാണ് നടപടി. ദേശീയ നൈപുണ്യ സമിതി മുൻ അധ്യക്ഷൻ ദിലീപ് ചെനോയി പകരം ഡയറക്ടറാകും.

റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഗത്യന്തരമില്ലാതെയായിരുന്നു ടോം ജോസഫിന് കെഎഎസ്ഇ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കേണ്ടി വന്നത്. എന്നാല്‍ രാജി കിട്ടിയെങ്കിലും താന്‍ ആ രാജി സ്വീകരിക്കുന്നില്ലെന്നും ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി രാജി വെക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നത്. വ്യാജ രേഖ കേസിലെ പ്രതിയായ ടോം ജോസഫിന്റെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നിരുന്നു.

ഷിബു ബേബി ജോണിന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന പദവി നല്‍കിയിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു കെഎഎസ്ഇ ഡയറക്ടറായി സര്‍ക്കാര്‍ ടോം ജോസഫിനെ നിയമിച്ചത്. കൂടാതെ ഷിബു ബേബി ജോണ്‍ ഡയറക്ടറായ 'ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ്' എന്ന സിനിമ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദാവീദ് എന്ന ചിത്രവും ടോം ജോസഫ് നിര്‍മ്മിച്ചിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ രഹസ്യമൊന്നും ഇല്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.

അതേസമയം, പരസ്യമായ ഈ ബന്ധം നിലനില്‍ക്കെ തന്നെ ടോമിനെ ആദ്യം കാണുന്നത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചതെന്തിന് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഷിബു ബേബി ജോണിനെ കാലങ്ങളായി അറിയാമെന്നായിരുന്നു ടോം എം ജോസഫ് വ്യക്തമാക്കിയത്. കൂടാതെ തനിക്ക് സര്‍ക്കാര്‍ പദവി ഇങ്ങോട്ട് വിളിച്ച് നല്‍കുകയായിരുന്നു എന്നായിരുന്നു ടോം പറഞ്ഞത്. ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിൽ ടോം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും പിന്നാലെ രാജി വാങ്ങി എന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളാണ് പല തവണയായി വിഷയത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നത്.

Content Highlights:Kerala Government Revokes Tom Joseph Membership In kase

To advertise here,contact us