കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഡയറക്ടര് ടോം ജോസഫ് പ്രതിയായ വ്യാജരേഖ കേസില് ഞെട്ടിക്കുന്ന വിവരം റിപ്പോര്ട്ടറിന്. അമേരിക്കയിലേക്ക് കടത്താനായി ടോം ഉദ്യോഗാര്ഥികളെ വലവീശി പിടിച്ചത് കത്തോലിക്കാ മെത്രാന് സമിതിയെ മറയാക്കിയെന്നാണ് രേഖകള് വ്യക്തമാക്കുന്നത്. വലിയ ശമ്പളത്തില് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തിന് ശ്രമിച്ച 2012ലെ കേസില് നാല്പതോളം പേര്ക്കായി വ്യാജരേഖകള് ഉണ്ടാക്കിയെന്നാണ് വിവരം. ഓരോരുത്തരില് നിന്നും രണ്ടു ലക്ഷത്തോളം രൂപ വീതം വാങ്ങിയെന്നും 2013ല് പൊലീസ് സമര്പ്പിച്ച കുറ്റപത്രത്തില് പറയുന്നു. അമേരിക്കന് കോണ്സുലേറ്റിന്റെ ഇന്റര്വ്യൂവില് കടന്നുകൂടാനായി ടോം ഇവര്ക്ക് പരിശീലന പരിപാടി നടത്തിയിരുന്നു.
2012 മെയിലാണ് ഈ തട്ടിപ്പിന് കളമൊരുങ്ങുന്നത്. കെസിബിസിയുടെ യുവജന വിഭാഗമായ കെസിവൈഎമ്മിലെ അംഗങ്ങളെയാണ് ടോം ജോസഫ് വലവീശി പിടിക്കുന്നത്. ഫാദര് ജെയ്സന് കൊള്ളന്നൂര് എന്ന വൈദികനെ കൂടി കൂട്ടുപിടിച്ചാണ് ഈ തട്ടിപ്പ് നടന്നത്. അന്ന് രജിസ്റ്റര് ചെയ്ത മനുഷ്യക്കടത്ത് കേസില് മൂന്നാം പ്രതിയാണ് ഇദ്ദേഹം. 2012 മെയ് 27 മുതല് ജൂണ് 1 വരെ അമേരിക്കയിലെ ഹൂസ്റ്റണില് നടക്കുന്ന ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്ഫറന്സില് പങ്കെടുക്കാന് യുവാക്കളെ അയക്കാന് താല്പര്യമുണ്ടോ എന്ന് ടോം ജോസഫ് ഈ വൈദികനോട് ചോദിക്കുന്നു. ഒന്നാം പ്രതിയായ ടോം ജോസഫിന്റെ തട്ടിപ്പ് മനസിലാക്കാതെ താന് ഇതിന് വഴങ്ങി എന്നാണ് വൈദികന്റെ മുന്കൂര് ജാമ്യാപേക്ഷയില് സൂചിപ്പിച്ചിരുന്നത്. കൂടാതെ ഇതിന് വേണ്ടി യുവാക്കളില് നിന്ന് കെസിബിസിയുടെ വൈദികന്റെ അക്കൗണ്ട് വഴിയാണ് വിദ്യാര്ത്ഥികളില് നിന്ന് പണം സ്വീകരിക്കുന്നത്.
ആദ്യ ഗഡുവായി 1,55,000 രൂപ സ്വീകരിക്കുന്നു. പിന്നീട് ഒരാളില് നിന്ന് രണ്ട് ലക്ഷം രൂപ എന്ന കണക്കില് 47,50,000 രൂപ സമാഹരിക്കുന്നു. ഇതില് നിന്ന് 34,85,000 രൂപ ടോം ജോസഫ് വൈദികനില് നിന്ന് വാങ്ങിയെടുക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവരെ അമേരിക്കയില് തൊഴിലിനെടുക്കില്ല എന്നിരിക്കെ പത്താം ക്ലാസ് പോലും പാസ് ആകാത്തവരെയാണ് ഇങ്ങനെ കടത്താന് ലക്ഷ്യമിട്ടത്. തുടര്ന്ന് അമേരിക്കന് കോണ്സിലേറ്റിന്റെ ഇവന്റര്വ്യുവില് കടന്നു കൂടാനുള്ള പരീശീലനവും ഷാഡ്വല്സ് എന്ന് സ്ഥാപനത്തില് വെച്ച് ടോം ജോസഫ് ഇവര്ക്ക് നല്കിയിരുന്നു. ചോദിക്കാന് സാധ്യത ചോദ്യങ്ങളുടെ ഒരു ലിസ്റ്റും ടോം അന്ന് തയ്യാറാക്കി അവിടെ വിതരണം ചെയ്തിരുന്നു. ഇത്തരത്തില് കെസിബിസിയെ മറയാക്കി വിശ്വസനീയം എന്ന് തോന്നുന്ന നിലയിലാണ് ഇയാള് തട്ടിപ്പ് നടത്തുന്നത്.
35 പേരെ ആദ്യം അയച്ചപ്പോള് ചെന്നൈയിലെ അമേരിക്കന് കോണ്സിലേറ്റില് വെച്ച് പിടി വീണതിന് പിന്നാലെ ബാക്കി ഉള്ളവരെ അയക്കുന്നതില് നിന്ന് ടോം വിലക്കി. എന്നാല് അതിന് ശേഷം ഇവരെ പപ്പുവ ന്യൂഗിനിയയിലേക്ക് അയക്കാമെന്നായിരുന്നു ടോം വാഗ്ദാനം ചെയ്യുന്നത്. ഈ സമയം ചിലര്ക്ക് തട്ടിപ്പ് മനസിലാകുകയും അവര്ക്ക് പണം തിരികെ നല്കേണ്ടി വരികയും ചെയ്യുന്നു. വൈദികന്റെ അക്കൗണ്ടില് നിന്നാണ് പണം നല്കുന്നത്. ടോമിന്റ തട്ടിപ്പ് മനസിലാക്കി പണം തിരികെ നല്കി എന്ന് മുന്കൂര് ജാമ്യാപേക്ഷയിലെ വാദം കണക്കിലെടുത്തായിരുന്ന അന്ന് വൈദികനും കെസിബിസിയുമായി ബന്ധപ്പെട്ടുള്ളവര്ക്കും കേസില് അന്ന് കോടതി ജാമ്യം അനുവദിക്കുന്നത്. എന്നാല് പ്രസ്തുത കേസില് രണ്ട് മാസത്തോളും ടോം ജോസഫ് റിമാന്ഡിലായിരുന്നു.
Content Highlights: Documents cited in a Reporter report have raised questions about the alleged recruitment activities of Jain University Kochi director Tom Joseph. According to the 2013 police chargesheet, around 40 job seekers were allegedly provided with fake documents in connection with a 2012 case involving promises of well-paid jobs in the United States. The chargesheet reportedly states that about ₹2 lakh was collected from each person and that interview preparation sessions were conducted to help applicants attend US consulate interviews.