ചീഫ് ജസ്റ്റിനെതിരായ പോസ്റ്റ്; കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റിട്ട വ്യക്തിക്ക് എതിരെ KPCC നടപടി

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നാണ് കെപിസിസി നിലപാട്

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായി വിവാദ പോസ്റ്റ് ഇട്ടതില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റിട്ട വ്യക്തിക്ക് എതിരെ നടപടി. ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് കോണ്‍ഗ്രസ് നീക്കി. പോസ്റ്റിട്ടത് കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയെന്നാണ് അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നാണ് കെപിസിസി നിലപാട്. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ക്രമസമാധാനം നിങ്ങളുടെ ചുമതല അല്ലെങ്കില്‍ രാജി വെക്കണം എന്നായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്‌സ് പോസ്റ്റ്. ഡല്‍ഹിയിലെ പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്. അത് ക്രമസമാധാനത്തിന്റെ പ്രശ്‌നമാണെന്നും തന്റെ മേഖല അല്ലെന്നുമായിരുന്നു സൂര്യകാന്തിന്റെ മറുപടി.

Content Highlights: Congress has removed the person responsible for publishing a controversial post about the Chief Justice on the party’s official X page. KPCC president Sunny Joseph clarified that the post was published without the knowledge, consent or consultation of the state leadership.

To advertise here,contact us