പുരാവസ്തു വകുപ്പിലെ നിയമനം: ഒ ജെ ജനീഷിന്റെ വാദം തെറ്റ്, ജഫീറിന് വീണ്ടും താല്‍ക്കാലിക നിയമനം നല്‍കി

നിലവിലുണ്ടായിരുന്ന വാച്ച്മാന്‍ ജഫീര്‍ കെ ബി ജൂലൈ 5 ന് പിരിഞ്ഞു പോയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു

തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ വാച്ച്മാന്‍ നിയമനത്തില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാദം തെറ്റെന്ന് രേഖകള്‍. നിലവിലുണ്ടായിരുന്ന ആളെ തുടരാന്‍ അനുവദിക്കുകയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ജഫീര്‍ പിരിഞ്ഞുപോയതിന് ശേഷം വീണ്ടും താല്‍ക്കാലിക നിമയനം നല്‍കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

നിലവിലുണ്ടായിരുന്ന വാച്ച്മാന്‍ ജഫീര്‍ കെ ബി ജൂലൈ 5 ന് പിരിഞ്ഞു പോയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ജഫീര്‍ മാറിയകാര്യം ജൂലൈ 12 ന് മ്യൂസിയം സൂപ്രണ്ട് പുരാരേഖ ഡയറക്ടറെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഇതേ ജഫീറിന് വീണ്ടും ഒക്ടോബര്‍ രണ്ടാം തീയതി താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. ഒമ്പത് ദിവസത്തേക്കാണ് ജഫീറിനെ വീണ്ടും നിയമിച്ചത്.

ഈ മാസം 13ന് അഭിമുഖ പരീക്ഷ നടക്കാനിരിക്കെയാണ് വാച്ച്മാന്‍ പോസ്റ്റിലേക്ക് ജഫീറിനെ നിയമിച്ചത്. പുരാവസ്തു വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂലൈ ഏഴാം തീയതി കോട്ടയത്തെ എംപ്ലോയ്മെന്റ് ഓഫീസര്‍ നല്‍കിയ ആറ് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ച ജെഫിര്‍ കെ ബിയുടെ പേര് ഇല്ലായിരുന്നു. വൈക്കം സത്യാഗ്രഹ ഗാന്ധി സ്മാരക മ്യൂസിയത്തിലെ താത്ക്കാലിക വാച്ച്മാന്‍ തസ്തികയിലെ നിയമനത്തിലാണ് എന്‍ പ്രശാന്തിന്റെ ഇടപെടല്‍ നടന്നത്. നിയമനത്തിന്റെ ഉത്തരവ് റിപ്പോട്ടറിന് ലഭിച്ചിരുന്നു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഒ ജെ ജനീഷ് രംഗത്തെത്തി. പുതിയ ആളെ നിയമിക്കും വരെ നിലവിലുള്ള ആളെ തുടരാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇന്റര്‍വ്യൂ കഴിഞ്ഞ് പുതിയ ആളെ നിയമിക്കും വരെ ജോലിയില്‍ തടസം വരാതിരിക്കാനായിലുന്നു ജഫീറിനെ തുടരാന്‍ അനുവദിച്ചതെന്നാണ് മന്ത്രി പറഞ്ഞത്.

Content Highlights: Documents have reportedly contradicted Minister O J Janeesh’s statement regarding a watchman appointment in the Archaeology Department. While the minister’s Facebook post said an existing employee was allowed to continue, records indicate that a fresh temporary appointment was made after Jafeer left the post.

To advertise here,contact us