കണ്ണൂര്‍: വിശാല ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ച് സിപിഐഎം. രണ്ട് ദിവസത്തെ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ. മുഴുവന്‍ ജില്ലാ കമ്മിറ്റികളും തീരുമാനിച്ചു. ഏരിയാ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കോഴിക്കോട് മൂന്ന് ദിവസം നീളുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കിടെയാണ് വിശാല ജില്ലാ കമ്മിറ്റികള്‍ ചേരാനും തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ അടിസ്ഥാനത്തിലും സിപിഐഎം തിരുത്തല്‍ രേഖ തയ്യാറാക്കും. വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന് പുറമെയാണിത്. ജില്ലാ തല വിലയിരുത്തലാകും റിപ്പോര്‍ട്ടിലുണ്ടാവുക. എല്ലായിടത്തും പൊതു റാലികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളും തീരുമാനങ്ങളും വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് യോഗത്തെ കാണുന്നത്. പ്രശ്നങ്ങള്‍ കണ്ടെത്തുകയും തിരുത്തി പോവുകയും എന്നത് നല്ല പ്രക്രിയയാണ്. വലിയ തിരുത്തല്‍ ആണോ ചെറിയ തിരുത്തല്‍ ആണോയെന്ന് പറയാനാകില്ല. സ്വയം വിമര്‍ശന ചര്‍ച്ചകള്‍ ഉണ്ടാകും. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയാണെന്നും ഇ പി ജയരാജന് പറഞ്ഞു.
സിഎംആര്‍എല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെകെ ശൈലജ വ്യക്തമാക്കി.
'അരവിന്ദ് കെജ്രിവാള്, എം കെ സ്റ്റാലിന് എന്നിവര്‍ക്കെതിരായ ഇ ഡി നീക്കം പിണറായിക്കെതിരെയും നടത്തുന്നു. കിട്ടിയ തെളിവുകളും രേഖകളും ഇ ഡി നിയമനടപടിക്ക് വേണ്ടി സൂക്ഷിച്ചുവെയ്ക്കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന്റെ ലക്ഷ്യം എന്താണ്? അന്വേഷണ ഏജന്‍സിക്ക് അതുകൊണ്ട് എന്ത് ഗുണമാണ് കിട്ടുക? മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്കിയാല് കൂടുതല്‍ എന്തെങ്കിലും തെളിവ് ഇ ഡിക്ക് കിട്ടുമോ? മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചാല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ അല്ലേ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നിയമനടപടിക്ക് സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുകയാണ് വേണ്ടത്. ഇ ഡി യുടെ കയ്യില്‍ പിണറായിക്ക് എതിരായ ഒരു തെളിവുമില്ല. തങ്ങളുടെ അടുത്ത് ഒന്നുമില്ലാത്തപ്പോള്‍ ഇ ഡി ക്ക് എന്ത് തെളിവ് കിട്ടാനാണ്? ജനങ്ങളുടെ മനസ്സില്‍ പിണറായിയെ കുറ്റക്കാരന്‍ ആക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത്. ഇ ഡി പുകമറ സൃഷ്ടിക്കുകയാണ്', കെ കെ ശൈലജ പറഞ്ഞു.
Content Highlights: CPIM has decided to convene extended district committee meetings. The party has agreed to organise the meetings over two days as part of its organisational discussions.