കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. എതിരാളികൾ നടത്തിയ പ്രചാരവേലയിൽ സിപിഐഎമ്മിന് പതിവായി വോട്ട് ചെയ്തിരുന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ട് പോയിരിക്കാമെന്നാണ് പി മോഹനൻ വ്യക്തമാക്കുന്നത്. അവർക്ക് ഇപ്പോൾ ജീവിതാനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും പി മോഹനൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ പണ്ടും തങ്ങൾ തോറ്റിട്ടുണ്ടെന്നും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമെന്നും പി മോഹനൻ റിപ്പോർട്ടറിനോട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചുള്ള കാര്യകാരണങ്ങളെല്ലാം പാർട്ടി എല്ലാ തലത്തിലും ചർച്ച നടത്തി നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും പി മോഹനൻ വ്യക്തമാക്കി. പാർട്ടിയാകെ ദുർബലപ്പെട്ട് പോയെന്നും തെറ്റിലേയ്ക്ക് പോയെന്നും അത് കൊണ്ട് തെരഞ്ഞെടുപ്പ് തോറ്റു എന്നും മാധ്യമങ്ങളും ഞങ്ങളുടെ എതിർരാഷ്ട്രീയക്കാരും പ്രചരിപ്പിക്കുന്നത് വസ്തുതയല്ലെന്നും പി മോഹനൻ ചൂണ്ടിക്കാണിച്ചു. എല്ലാ ശക്തികളും ഒന്നിച്ച് സിപിഐഎമ്മിനെതിരെ അണിനിരന്നുവെന്നും പി മോഹനൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരും സംഘപരിവാറും അവരുടെ നിയന്ത്രണത്തിലുള്ള സകല ശക്തികളും യുഡിഎഫും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലിക ശക്തികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും കോർപ്പറേറ്റുകളുമെല്ലാം കൂടി തങ്ങൾക്കെതിരെ അണിനിരന്നു. ഈ മഹാശക്തിയോട് ഏറ്റുമുട്ടുമ്പോൾ അതിനെ ജീവിക്കാൻ കഴിയാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് പി മോഹനൻ വ്യക്തമാക്കിയത്.
ഏതെങ്കിലും വിധത്തിൽ സംഘടനാപരമായോ രാഷ്ട്രീയമായോ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോയെന്ന് പാർട്ടി പരിശോധിച്ചിട്ടുണ്ടെന്നും പി മോഹനൻ വ്യക്തമാക്കി. 'അതൊക്കെ പാർട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ കേരളത്തിൽ കഴിഞ്ഞ മൂന്നരമാസമായി ജനവിരുദ്ധമായ ഭരണമാണ്. ജനങ്ങൾക്ക് മടുത്തു. ഇത്തരത്തിൽ പൊറുതി മുട്ടിയ ജനങ്ങൾ രോഷാകുലരായി ഇതിനെതിരെ രംഗത്ത് വരികയാണ്. ഇതിന് മുന്നിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ജനങ്ങൾക്ക് ആശ്വസം കൊടുക്കാനും പോരാട്ടം സിപിഐഎം നടത്തു'മെന്നും പി മോഹനൻ വ്യക്തമാക്കി.
ബിജെപിയുമായി ഡീൽ എന്നായിരുന്നല്ലോ ഞങ്ങൾക്കെതിരായി ഉയർന്ന ആരോപണമെന്ന് ചൂണ്ടിക്കാണിച്ച പി മോഹനൻ ആരാ എന്താ ഡീൽ എന്ന് ഇപ്പോൾ മനസ്സിലായല്ലോ എന്നും ചോദിച്ചു. മതനിരപേക്ഷതയുടെ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കണം ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണം. ഇതിനായുള്ള പോരാട്ടത്തിൻ്റെ നായകസ്ഥാനത്ത് ജനങ്ങൾ പ്രതീക്ഷിക്കുന്നത് സിപിഐഎമ്മിനെയാണെന്നും പി മോഹനൻ കൂട്ടിച്ചേർത്തു.
Content Highlights: CPIM leader P Mohanan said there is no truth in the claim that the party has weakened or gone in the wrong direction, offering a different response to the recent electoral defeat.