കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്തെ പേഴ്സണല്‍ സ്റ്റാഫുകളുടെ കണക്ക് പുറത്തുവിടാം; പിണറായിക്ക് മറുപടിയുമായി സതീശൻ

'പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ കണക്കും, അവരുടെ വിലാസവും നല്‍കാന്‍ തയ്യാറാണ്'

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 787 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കണക്ക് നല്‍കാന്‍ തയ്യാറെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ കണക്കും, അവരുടെ വിലാസവും നല്‍കാന്‍ തയ്യാറാണ്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാര്‍ 12 പേരെ നിയോഗിച്ചു. 2025ല്‍ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു വര്‍ഷം 7 ലക്ഷം രൂപയില്‍ അധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയില്‍ അധികവും ഇതിനായി പിണറായി സര്‍ക്കാര്‍ ചിലവാക്കി. ഇതൊക്കെ ചെയ്തവരാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 787 പേരെ നിയമിച്ചുവെന്നും ഈ സര്‍ക്കാര്‍ ഇതുവരെ 476 പേരെയാണ് നിയമിച്ചതെന്നും പറഞ്ഞിരുന്നു. 31 പേരാണ് തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്സണല്‍ സ്റ്റാഫുകളെയാണ് നിയമിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒട്ടാകെ 500 ല്‍ താഴെ പഴ്സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണ്.

പഴ്സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്‌കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ല്‍ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.

Content Highlights: V D Satheesan stands by his claim that the previous government appointed 787 personal staff members, offering to provide their details

To advertise here,contact us