കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ വിമര്‍ശനത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം സിറാജ്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി ഇടതുപ്രൊഫൈലില്‍ കാണുന്നുണ്ടെന്നും വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടുപോകുന്നത് അതിന്റെ അരിശം തീര്‍ക്കുന്നതാണോയെന്നും റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. 'ഇവിടെ ആര്‍ക്കാണ് പ്രശ്നം?' എന്ന തലക്കെട്ടിലാണ് ലേഖനം.
പാര്‍ട്ടി തോറ്റതോ ഇടതുപക്ഷം തകര്‍ന്നതോ അല്ല. അണികള്‍ നല്കിയ ഒരുശിക്ഷ കൂടിയാണ് തോല്‍വി. ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായസംഘടനകളോടും തീര്‍ക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബംഗാളിലെ അവസ്ഥ വരും. അത് ആരും ആഗ്രഹിക്കുന്നില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.
പത്ത് വര്‍ഷത്തോളമായി സിപിഐഎം സ്വീകരിച്ചുപോരുന്നതില് നിന്നും വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ അവര്‍ സ്വീകരിച്ചത്. വിവേകപൂര്‍വ്വം മറുപടി പറഞ്ഞ കൂടുതല്‍ നേതാക്കള്‍ കേരളത്തിലുണ്ടായില്ല എന്നത് നമ്മുടെ നാടിന്റെ നേതൃനിലവാരത്തെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സഖാവ് ടി കെ ഹംസയെപ്പോലുള്ളവരുടെ പക്വതയുള്ള പ്രതികരണത്തെ വിസ്മരിക്കുന്നില്ല. ചിലര്‍ പത്തൊമ്പതാം നൂറ്റാണ്ടിലേക്കും ആറാം നൂറ്റാണ്ടിലേക്കും പോയപ്പോള്‍ മറ്റു ചിലര്‍ പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമൊക്കെ കൊണ്ടുപോയി വിഷയത്തെ അന്തര്‍ദേശീയവത്കരിച്ചു. ഒരു സിപിഐഎം വനിതാ നേതാവ് അറിയാവുന്ന ഇംഗ്ലീഷില്‍ വിഷയം ദേശീയ പ്രശ്നമാക്കിയെന്നും ലേഖനം വിമര്‍ശിക്കുന്നു.
ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു കാരണം. രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ തലമുറമാറ്റം കൊണ്ടുവന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല. പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. പാര്‍ട്ടി രീതിയനുസരിച്ച് പരസ്യമായി ആരും പ്രതികരിച്ചില്ലെങ്കിലും കടുത്ത മനോവേദന കടിച്ചിറക്കി അവര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. ആലപ്പുഴയില്‍ സുധാകരനെ പോലുള്ളവര്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത് ഇത്ര രൂക്ഷമാകുമായിരുന്നില്ല. വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നെയും മത്സരരംഗത്ത് ഉണ്ടാകുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. ചിലര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു മത്സരിക്കാനും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രചരണരീതി കൂടുതല്‍ പ്രകോപനമുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമന് ബോഡുകള്‍ നിറഞ്ഞു. ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കേണ്ടതായിരുന്നു എന്ന സംസാരം അണികളും നേതാക്കളും തമ്മില്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പുറത്താവും. രാജാവും പ്രജയും എന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പല പ്രാദേശിക നേതാക്കള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. അവര്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. പിന്നെ പത്ത് കൊല്ലമായതല്ലേ, ഒന്നു മാറ്റി നോക്കാമെന്ന് നിഷ്പക്ഷ വോട്ടര്‍മാരും ചിന്തിച്ചു കാണും എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
Content Highlights: Samastha’s mouthpiece has criticised the CPIM alleging that frustration over its electoral defeat is being directed at party workers and community organisations