തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിന് കെപിസിസി. രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്.
അതേസമയം, സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തു. എംഎല്‍എ നല്കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും നല്കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തു. രാവിലെ 10 മണിയോടെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ശേഷമായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
താനും മക്കളും മാത്രമുള്ള വീട്ടിലേക്കാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്നതെന്ന് സജാദിന്റെ ഭാര്യ സിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തില്‍ വായിക്കാന്‍ പറഞ്ഞു. പലതവണ പോസ്റ്റ് വായിക്കാന്‍ പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തി. മകള്‍ വല്ലാതെ പേടിച്ചു. പോസ്റ്റ് വായിക്കില്ല എന്ന് പറഞ്ഞപ്പോള്‍ പ്രദീപ് തന്നെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആരോപണം. രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും പറഞ്ഞിരുന്നു.
Content Highlights: KPCC Orders Probe Into Clash Between Congress Leaders in Chirayinkeezhu