തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പ്രാദേശിക കോൺഗ്രസ് നേതാവ് എസ് സജാദിൻ്റെ വീട്ടിലേക്ക് രമ്യ ഹരിദാസും രണ്ട് പേരും എത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനം റോഡിലിട്ട ശേഷം രമ്യയും നേതാക്കളും ഇടവഴിയിലൂടെ സാജാദിന്റെ വീട്ടിലേക്ക് കയറുന്നത് വീഡിയോയിൽ ഉണ്ട്. തമ്മിലടിക്ക് ശേഷം രമ്യയും രണ്ട് പേരും ഓടി ഇറങ്ങുന്നതും വീഡിയോയിലുണ്ട്.
രമ്യ ഹരിദാസിൻ്റെ സന്ദർശന വിവരം പാളയം പ്രദീപാണ് സജാദിനെ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ എത്തി അറിയിക്കുന്നത്. തുടർന്ന് സജാദും പ്രദീപും വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. സജാദിന്റെ ബൈക്കിന് പിന്നിലിരുന്നാണ് പ്രദീപ് വീട്ടിലേക്ക് എത്തുന്നത്. തൊട്ടുപിന്നാലെ രമ്യയും രണ്ട് പേരും വീട്ടിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് തമ്മിലടിയുണ്ടാകുന്നതും രമ്യയും സംഘവും വീട്ടിൽ നിന്ന് ഓടി ഇറങ്ങുന്നതും.
വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചു. ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നതെന്നും രമ്യ പറഞ്ഞിരുന്നു.
രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയിലാണ് എംഎല്‍എ പിടിച്ച് തിരിച്ചതെന്നുമായിരുന്നു സജിത്ത് പറഞ്ഞത്. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് വിടെടാ എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു. എംഎല്‍എയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നു. സജാദ് വിളിച്ചിട്ടാണ് ജനപ്രതിനിധിയെന്ന നിലയില്‍ അങ്ങോട്ടേക്ക് പോയത്. എംഎല്‍എ ഈ മട്ടില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പാളയം പ്രദീപ് മണ്ഡലത്തില്‍ പ്രശ്നമാണ്. പാലക്കാട്ടുകാരനായ ഇയാള്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സജിത്ത് വ്യക്തമാക്കിയിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അമര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സജാദ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും സജാദിന്റെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ സജിത്ത് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ചിറയിൻകീഴിലെ തമ്മിലടിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംഭവത്തില്‍ രമ്യ ഹരിദാസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. രമ്യയുടെ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്നും രമ്യയുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായതായും വിലയിരുത്തലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താണ് തീരുമാനം. സംഭവത്തില്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചിറയിന്‍കീഴിലെ സംഭവത്തില്‍ സംഘടനാ മര്യാദ പാലിക്കപ്പെട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
Content Highlights: Visuals have emerged showing Chirayinkeezhu MLA Ramya Haridas entering the house of a Congress leader amid the ongoing dispute among local Congress workers.