തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. പ്രശത്ത് ജിത്ത് ദാസ് എന്ന 27കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് മൂന്നിനായിരുന്നു പ്രശത്ത് പിതാവ് സഞ്ജയ് ദാസിനെ കൊലപ്പെടുത്തിയത്. തടിക്കഷ്ണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസാണ് പ്രതിയെ പിടികൂടിയത്.
സംഭവ ദിവസം സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ഉഷാറാണി സഞ്ജയ് ദാസിന്റെ തലയ്ക്ക് അടിച്ചു. ഇതുകണ്ടുവന്ന പ്രശത്ത് ജിത്ത് ദാസ് തടിക്കഷ്ണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റുവീണ സഞ്ജയ് ദാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തില്‍ പശ്ചിമ ബംഗാളിലെ ഫലാക്കാട്ട പൊലീസ് ഉഷാ റാണിയെ കസ്റ്റഡിയില്‍ എടുത്തു. ഈ സമയം പ്രശത്ത് രക്ഷപ്പെട്ടിരുന്നു.
പ്രശത്ത് മുന്‍പ് ശ്രീകാര്യത്തായിരുന്നു ജോലി ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം പ്രശത്ത് ശ്രീകാര്യത്തേയ്ക്ക് മടങ്ങിയെത്തി. പ്രതി കേരളത്തിലേക്ക് കടന്ന വിവരം ഫലാക്കാട്ട പൊലീസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചു. പ്രതിയുടെ ചിത്രവും വീഡിയോയും അടക്കും ശ്രീകാര്യം പൊലീസിന് അയച്ചുനല്‍കി.
പ്രതി താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അയാള്‍ അവിടെ നിന്ന് താമസം മാറ്റിയിരുന്നു. പൊലീസ് പിന്നാലെ ഉണ്ടെന്ന് അറിഞ്ഞ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. മഫ്തിയില്‍ എത്തി പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പശ്ചിമ ബംഗാള്‍ പൊലീസ് കേരളത്തില്‍ എത്തി പ്രതിയെ ഏറ്റുവാങ്ങുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് വൈ സുരേഷ് അറിയിച്ചു.
Content Highlights- A West Bengal native was arrested in Kerala after allegedly killing his father and subsequently arriving in the state, according to the reported news.