നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

സുനന്ദക്ക് ഒപ്പമുണ്ടായിരുന്ന ലണ്ടനില്‍ നിന്നുമെത്തിയ സംഘത്തെക്കുറിച്ചും യാതൊരു വിവരവുമില്ല

കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം സ്വദേശിനിയെ കാണാതായി. പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജ(63)നെയാണ് കാണാതായത്. നേപ്പാളിന്റെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് സഹോദരി പറഞ്ഞു. 40 വര്‍ഷത്തോളമായി സുനന്ദ ബ്രിട്ടനില്‍ ആണ് താമസം. നിലവില്‍ ബ്രിട്ടീഷ് പൗരത്വമാണ് ഇവര്‍ക്കുള്ളത്.

ഓഗസ്റ്റ് 25-ാം തിയതി ഉച്ചയ്ക്കാണ് നേപ്പാളിലെത്തിയതായി അറിയിച്ച് സുനന്ദ വീട്ടിലേക്ക് വിളിച്ചതെന്ന് സഹോദരി പറഞ്ഞു. പിറ്റേ ദിവസം അപകടം നടന്നതിന് ശേഷം ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും സഹോദരി പറഞ്ഞു. നേപ്പാളിലെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വച്ച് അപകടത്തില്‍പ്പെട്ടതായാണ് സംശയിക്കുന്നത്.

കഴിഞ്ഞ മാസം 16 നാണ് ഇവര്‍ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് യാത്രതിരിക്കുകയും ചെയ്തു. നേപ്പാളിലെത്തി കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുനന്ദക്ക് ഒപ്പമുണ്ടായിരുന്ന ലണ്ടനില്‍ നിന്നുമെത്തിയ സംഘത്തെക്കുറിച്ചും യാതൊരു വിവരവുമില്ല. സംഘത്തില്‍ മലയാളിയായി ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ എംബസിക്കുള്‍പ്പെടെ സുനന്ദയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Kollam native and British citizen Sunanda Mani Rajan, 63, goes missing in Nepal; family suspects she was caught in the disaster at the immigration and customs office

To advertise here,contact us