ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ചന്ദ്രിക വാരികയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു ജി സുധാകരൻ്റെ പ്രതികരണങ്ങൾ. ആശയ സമരത്തിനുള്ള കഴിവ് കേരളത്തിലെ സിപിഐഎമ്മിന് ഇല്ലാതായിരിക്കുന്നുവെന്നാണ് ജി സുധാകരൻ ഉന്നയിക്കുന്ന പ്രധാന വിമർശനം. 'പാർട്ടിക്കുള്ളിൽ യാതൊരു ആശയ സംവാദവും നടക്കുന്നില്ല. ഉൾപ്പാർട്ടി സമരം എന്നത് എന്നോ അവസാനിച്ചു. മറ്റു രാഷ്ട്രീയപാർട്ടികളുമായി ആശയപരമായി യാതൊരു പോരാട്ടവുമില്ല. എങ്ങനെയും അധികാരത്തിൽ വരിക, അതിനായി കുറച്ച് നേതാക്കളെ തയ്യാറാക്കി വെക്കുക എന്നതാണ് സമീപ വർഷങ്ങളിലെ ഏക സംഘടനാ പ്രവർത്തനം. അധികാരം തിരിച്ചു പിടിക്കുകയെന്നത് ഇന്നത്തെ നേത്യ ത്വത്തിന് കീഴിൽ സമീപകാലത്തെങ്ങും നടക്കാനും പോകുന്നില്ലെന്നാ'ണ് ജി സുധാകരൻ്റെ കുറപ്പെടുത്തൽ.
സിപിഐഎമ്മിന് കേരളത്തിൽ സംഭവിച്ച തെറ്റുകൾ തിരിച്ചറിയുന്നതിന് വലിയ ബുദ്ധിയുടെ ആവശ്യമില്ലെന്നും ജി സുധാകരൻ വ്യക്തമാക്കുന്നുണ്ട്. ഏത് സാധാരണക്കാരനും ഇത് മനസിലാകും. അത് തിരിച്ചറിയാൻ കഴിയാത്തത് സിപിഎം നേതൃത്വത്തിന് മാത്രമാണ്. അത്തരമൊരു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അഭിനയിക്കുകയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അസഭ്യം പറയുകയുമാണ് അവരിന്ന് ചെയ്യുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കുന്നുണ്ട്. എകെജി പഠന ഗവേഷണ കേന്ദ്രം പിരിച്ചുവിടണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. 'കഴിഞ്ഞ അഞ്ചു വർഷക്കാലം പാർട്ടി വിട്ടുപോയവരുടെ കണക്ക് പരിശോധിക്കാൻ പോലും എകെജി. പഠന ഗവേഷണ കേന്ദ്രം തയാറാകുന്നില്ല. സാധാരണയുണ്ടാകുന്ന കൊഴിഞ്ഞു പോക്കിൻ്റെ ഇരട്ടിയാണ് സമീപകാലത്ത് പാർട്ടി ബന്ധം ഉപേക്ഷിച്ചുപോകുന്നവർ. ഒരിക്കലും പോകാൻ പാടില്ലാത്തവർ എന്ത് കൊണ്ട് പോകുന്നു. ഇക്കാര്യത്തിലൊന്നും പഠനഗവേഷണ കേന്ദ്രം ഒരു ഗവേഷണവും നടത്തുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രം അത് പിരിച്ചുവിടുകയാണ് വേണ്ടത്. സ്വന്തം പാർട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചയെ കുറിച്ചാണ് ഇവർ ആദ്യം ഗവേഷണം നടത്തേണ്ടത്' എന്നാണ് ജി സുധാകരൻ്റെ പ്രതികരണം.
താൻ പഠിച്ചതല്ല ഇന്നത്തെ പാർട്ടി പ്രാവർത്തികമാക്കുന്നതെന്ന തിരിച്ചറിവാണ് സിപിഐഎം വിടാൻ പ്രേരിപ്പിച്ചതെന്നും ജി സുധാകരൻ വ്യക്തമാക്കുന്നുണ്ട്. 'ഞാനായിട്ട് സിപിഐഎം ബന്ധം ഉപേക്ഷിച്ചതാണ്. ഒരുഘട്ടത്തിലും ആദർശത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഞാനൊരു പാർട്ടിയിലും ചേർന്നിട്ടുമില്ല. എന്നിട്ടും എന്നെ അവർ ആക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗമായ സി ബി ചന്ദ്രബാബു വരെ എന്റെ അച്ഛന് പറഞ്ഞു. നേതൃത്വം ഒരുഘട്ടത്തിൽ പോലും അത് തിരുത്താൻ തയാറായില്ല. എന്നിട്ട് അവർ എന്റെ സഹോദരൻ രക്തസാക്ഷി ഭൂവനേശ്വരന്റെ പേര് ഉയർത്തി കാട്ടും. ഭൂവനേശ്വരന്റെ അച്ഛൻ തന്നെയാണ് എന്റെയും അച്ഛനെന്ന പരിഗണനപോലും ഇവർ ഒരുഘട്ടത്തിലും നൽകിയി'ല്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും ജി സുധാകരൻ രൂക്ഷമായ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതൃധർമ്മം പിണറായി വിജയൻ മറക്കുന്നുവെന്നും ഉപദേശകർക്ക് രാഷ്ട്രീയ ബോധമില്ല എന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം. "പ്രതിപക്ഷ നേതാവിന്റെ ധർമ്മം പിണറായി നിർവഹിക്കുന്നില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. അധികാരം ലഭിച്ച ശേഷം പിണറായി ആളാകെ മാറിപ്പോയി. വേറൊരു ലൈനായി. അദ്ദേഹത്തിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതാണ്. സൽപ്പേരിന് വലിയൊരു ഇടിവ് സംഭവിച്ചു. എല്ലാ പ്രയാസവും ഉണ്ടാകുമ്പോൾ എന്നെയായിരുന്നല്ലോ വിളിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് ഇതെല്ലാം എന്താണ് മറുന്നുപോയത്. അദ്ദേഹം മറന്നാലും ജനം അതൊന്നും മറക്കില്ലെ'ന്നും ജി സുധാകരൻ പറയുന്നുണ്ട്.
കേരളത്തിൽ സിപിഐഎമ്മിനെ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും ജി സുധാകരൻ വിമർശിച്ചു. കേരളത്തിലെ സിപിഐഎം നേരിടുന്ന പ്രധാന പ്രതിസന്ധി ജനകീയരായ നേതൃത്വം ഇല്ലായെന്നുള്ളതാണെന്നാണ് ജി സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്. 'സിപിഐഎമ്മിലെ ഒന്നാം നിരയിൽ ഒരു പ്രതീക്ഷയുമില്ല. രണ്ടാംനിര ഒന്നാംനിരയെക്കാൾ കഷ്ടമാണ്. താഴേക്ക് വരുംതോറും ഒരു അറിവുമില്ലാത്ത നേതൃനിരയാണ് വളർന്നു വരുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ വരുന്നവർക്ക് പാർട്ടി ചരിത്രം പോലും കൃത്യമായി അറിയില്ല. അത് പഠിച്ചെടുക്കാനുള്ള താൽപര്യം പോലും അവർ കാണിക്കുന്നില്ല. ഏതോ ഒരുമായാ ലോകത്ത് ജീവിക്കുകയാണ് അവരിപ്പോൾ. അടി പിടിയുണ്ടാക്കുക, ചീത്തവിളിക്കുക, ഫേസ്ബുക്കിലൂടെ അസഭ്യം പറയുകയുമാണ് അവരുടെ സംഘടന പ്രവർത്തന'മെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. പുതിയ തലമുറയി ൽ നിന്നും വളർന്നുവരുന്നവർക്ക് മറ്റുള്ളവരോട് ധിക്കാരവും അഹങ്കാരവും അവജ്ഞയുമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
കെ എൻ ബാലഗോപാലിനെതിരെയും ജി സുധാകരൻ വിമശനം ഉന്നയിച്ചിട്ടുണ്ട്. 'കേരള അസംബ്ലിയിൽ പിണറായി കഴിഞ്ഞാൽ അടുത്തത് ബാലഗോപാലാണ്. മറ്റൊരു ജോൺ ബ്രിട്ടാസാണ് അയാൾ. അർഹതയില്ലാതെയാണ് സ്ഥാനങ്ങളിലെത്തപ്പെട്ടത്. താഴെ തട്ടിൽ നിന്നും വളർന്നുവന്നതല്ല. അങ്ങനെ വളർന്നു വരുന്നവർക്ക് ഇനി സി പി.എമ്മിൽ രക്ഷയില്ല. തൊഴിലാ ളി വർഗ്ഗ രാഷ്ട്രീയമായിരുന്നു കേരളത്തിലെ ഇടത് പക്ഷത്തിന്റെ അടിസ്ഥാനം. അതിലൂടെ വന്നവർ ആരും സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിൽ ഇന്നില്ല. പിണറായി വിജയൻ ഒരു പരിധിവരെ തൊഴിലാളി വർഗ്ഗത്തിൽ നിന്നും വന്നതാണെന്ന് പറയാം. അധികാരം നേടിയതോടെ അദ്ദേഹം അതെല്ലാം മറന്നു'വെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.
ദേശീയതലത്തിൽ സിപിഐഎം ഇല്ലാതായെന്നും എം എ ബേബി ദുർബലനാണെന്നും ജി സുധാകരൻ അഭിമുഖത്തിൽ വിമർശിക്കുന്നുണ്ട്. '61 സീറ്റുണ്ടായിരുന്ന ഇടത്പക്ഷം ലോക്സഭയിൽ ഇന്ന് ആറായി ചുരുങ്ങി. കോൺഗ്രസിന്റെ കുടെ പോയി മത്സരിച്ചിട്ടാണ് ഇതിൽ പലതും വിജയിച്ചത്. സിപിഐഎമ്മിന് ഒരു സ്ഥലത്തും പ്രതിപക്ഷം ആകാൻ കഴിയില്ല. സിപിഐഎമ്മിന്റെ അഭിപ്രായം കേൾക്കാതെ രാജ്യത്തെ ഭരണകുടങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത കാലം ഉണ്ടായിരുന്നു. അതെല്ലാം പോയി ജോൺ ബ്രിട്ടാസിനെ പോലുള്ള ആളുകളാണ് സിപിഐഎമ്മിന്റെ പാർലമെന്റിലെ നേതാവ് അയാൾ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല എന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. എകെജിയും രാമമൂർത്തിയുമെല്ലാം നയിച്ച പാർട്ടിയുടെ ഇപ്പോഴത്തെ മുഖമാണ് ഇവരെല്ലാ'മെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കാൻ കഴി യുന്നത് കോൺഗ്രസിനാണെന്ന് കേരളത്തിലെ സിപിഐഎം നേത്യത്വം തിരിച്ചറിയുന്നില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. 'എം എ ബേബി വ്യക്തിപരമായി നല്ലയാളാണ്. ആശയപരമായി അറിവുള്ളയാളുമാണ്. പക്ഷെ അത് പ്രയോഗിക്കാൻ കഴിയുന്നി ല്ല. ആദർശം പ്രയോഗിക്കാതെ പോക്കറ്റിൽ മടക്കിവെച്ചിട്ട് ഒരുകാര്യവുമില്ല. അഖിലേന്ത്യാ സെക്രട്ടറിക്ക് പോലും ശരിയെന്ന് തോന്നുന്നത് പറയാനോ പ്രവർത്തിക്കാനോ കഴിയുന്നില്ല. തെറ്റ് പറയുന്നവരെ തിരുത്താനോ അതിനെതിരെ പ്രതികരിക്കാനോ കഴിയൂന്നി'ല്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.
ഓപ്പറേഷൻ തൂഫാനെതിരെയും ജി സുധാകരൻവിമർശനം ഉന്നയിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാൻ പ്രചരണാ യുധമായി മാറരുതെവന്നും കഞ്ചാവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കടത്തുന്ന ഏജന്റുമാരേയും പ്രമാണിമാരേയും പിടികൂടാൻ സർക്കാർ തയാറാകണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. 'സിപിഐഎമ്മിൽ ഇത്തരക്കാർ വ്യാപകമാണ്. നേതൃത്വത്തിൽ പോലും ലഹരി ബന്ധമുള്ളവർ സിപിഐഎമ്മിലുണ്ട്. അവരെയൊന്നും തൊട്ടിട്ടില്ല. സംസ്ഥാന നേതാവ് അടക്കമുള്ളവർക്ക് അത്തരം ശക്തികളുമായി ബന്ധമുണ്ട്. അവരുടെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ല. ലഹരി യുമായി ലോറിയോടെ പിടികൂടിയ ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് പോലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനാണെന്നും ജി സുധാകരൻ ആരോപിച്ചു.
സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമായിരുന്നുവെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. 'നല്ല പക്വതയുള്ള നേതാവായി സോണിയ ഗാന്ധിക്ക് ഇന്ത്യയിൽ ഉയരാമായിരുന്നു. വിവാദങ്ങളെ പേടിച്ച് അവർ അത് വേണ്ടെന്ന് വെച്ചതാണ്. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായ അവസരത്തിൽ സോണിയാഗാന്ധിയായിരുന്നു വരേണ്ടിയിരുന്നത്. അതായിരുന്നു ജനങ്ങൾ ആഗ്രഹിച്ചത്. പക്ഷെ പലകാരണങ്ങളുടെ പേരിൽ അവർ അതിൽ നിന്നും പിന്മാറി. സോണിയ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇപ്പോഴത്തെ സാഹചര്യം രാജ്യത്ത് വരില്ലായിരുന്നു. അവരെ പറ്റി ഒരാക്ഷേപവും ആർക്കും പറയാനില്ല. നല്ല നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിത്വമാണ് അവരുടേത്. ദേശീയരാഷ്ട്രീയത്തിൽ നല്ല നേതാക്കൾ ക ൺഗ്രസിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു'വെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
ഉറച്ച സീറ്റുകൾ മുസ്ലിംലീഗിന് മാത്രമാണെന്നും സിപിഐഎമ്മിന് പോലുമതില്ലെന്നും ജി സുധാകരൻ അഭിപ്രായപ്പെടുന്നുണ്ട്. 'കേരളത്തിൽ സ്ഥിരമായി ശക്തി കേന്ദ്രങ്ങളിൽ സ്വാധീനമുള്ളത് മുസ്ലിം ലീഗിന് മാത്രമാണ്. ഏറ്റവും കുറഞ്ഞത് അവർക്ക് 12 സീറ്റിൽ വരെ തനിച്ച് ജയിക്കാൻ കഴിയും. രാഷ്ട്രീയ കാലാവസ്ഥ എങ്ങനെ മാറിയാലും അവർ അതിൽ വിജ യിക്കും. മുന്നണിയിലെ എല്ലാവരുടേയും വോട്ട് വന്നാൽ 20ന് മുകളിലേക്ക് അത് ഉയർത്താനും അവർക്കാകും. സിപിഐഎമ്മിന് പോലും അത്തരമൊരു വിജയം സ്ഥിരമായി അവകാശപ്പെടാൻ കഴിയില്ല. ആലപ്പുഴ ജില്ലയിൽ പോലും സിപിഐഎം തനിച്ച് നിന്നാൽ ഒരു സീറ്റെങ്കിലും ജയിക്കാൻ കഴിയുന്ന കാലമെല്ലാം പോയി. ലീഗിന്റെ വോട്ട് കൂടി ചേരുമ്പോഴാണ് മലബാർ മേഖലയിലെ മറ്റു സീറ്റുകളിൽ യുഡിഎഫ് വിജയം നേടുന്നത്. എന്ത് കൊണ്ടാണ് കോൺഗ്രസിന് ഇതേ കേഡർ സ്വഭാവം ഇല്ലാത്തതെന്ന് അവർ പരിശോധിക്കണ'മെന്നും ജി സുധാകരൻ ആവശ്യപ്പെടുന്നത്.
Content Highlights: Former Kerala minister G Sudhakaran has criticised the CPI(M) leadership, alleging that Chief Minister Pinarayi Vijayan changed completely after gaining power and describing M A Baby as a weak leader.