പി വി അൻവറിൻ്റെ തോൽവിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന അനവസരത്തിൽ: വിമർശനവുമായി പി എം നിയാസ്

'ബേപ്പൂരിൽ സ്ഥാനാർത്ഥിയുടെ പരാജയമല്ല. തോറ്റ സ്ഥലങ്ങളിലെ സ്ഥാനാർത്ഥികൾ മോശക്കാരല്ല'

കോഴിക്കോട്: ബേപ്പൂരിൽ പി വി അൻവറിൻ്റെ തോൽവിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന അനവസരത്തിലെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന്റെ തീരുമാനമാണ്. അന്നില്ലാത്ത അഭിപ്രായം ഇന്ന് പറയുന്നതിൽ ലോജിക്കില്ലെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും 2026ലെ തെരഞ്ഞെടുപ്പിൽ കെപിസിസി വാർ റൂമിൻ്റെ ചുമതലയും വഹിച്ച നേതാവ് കൂടിയാണ് പി എം നിയാസ്.

ബേപ്പൂർ കോൺഗ്രസിന് അനുകൂലമായ മണ്ഡലമല്ലെന്നും പി എം നിയാസ് ചൂണ്ടിക്കാണിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച ഉണ്ടായെന്നും അന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും പി എം നിയാസ് പറഞ്ഞു. 2021ൽ തിരുത്തിയിരുന്നുവെങ്കിൽ ഇന്ന് വിവാദം ഉണ്ടാവുമായിരുന്നില്ല. 2021ൽ ബേപ്പൂരിൽ വോട്ട് ചോർത്താൻ മുന്നിൽ നിന്നവർ ഇന്ന് പാർട്ടിക്ക് നേതൃത്വം നൽകുന്നുവെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. ബേപ്പൂരിലെ വീഴ്ച പരിശോധിക്കണമെന്നും പി എം നിയാസ് ആവശ്യപ്പെട്ടു. ബേപ്പൂരിൽ സ്ഥാനാർത്ഥിയുടെ പരാജയമല്ല. തോറ്റ സ്ഥലങ്ങളിലെ സ്ഥാനാർത്ഥികൾ മോശക്കാരല്ല. കോണിയും കൈപ്പത്തിയും ഇല്ലാതെ വടകരയിൽ ജയിച്ചു. സ്ഥാനാർത്ഥത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ലെന്നും പി എം നിയാസ് ചൂണ്ടിക്കാണിച്ചു.

ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിന്റെയും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവനും രം​ഗത്തെത്തിയിരുന്നു. ബേപ്പൂരിലെ പരാജയം പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടിരുന്നു. ബൂത്ത് അടിസ്ഥാനത്തിൽ പഠിച്ചാൽ മാത്രമേ തോൽവിയുടെ കാരണം പറയാൻ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട എം കെ രാഘവൻ ബേപ്പൂരിലെ പരാജയ കാരണം അടിയന്തിരമായി പരിശോധിക്കണമെന്നും നിലപാടെടുത്തിരുന്നു.

ബേപ്പൂരിലേയ്ക്ക് തന്നെ സ്ഥാനാർത്ഥിയായി ക്ഷണിച്ചത് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും കെപിസിസി ജനറൽ സെക്രട്ടറി ജയന്തും ആയിരുന്നുവെന്ന് റിപ്പോർട്ടർ ടിവിയേട് പി അൻവർ വെളിപ്പെടുത്തിയിരുന്നു. വി ഡി സതീശൻ മന്ത്രിസ്ഥാനം വാ​ഗ്ദാനം ചെയ്തതോടെയാണ് ചതിവ് പറ്റിയതെന്നും പി വി അൻവർ പറഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചേർന്നെന്നും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികളെന്നും സ്വീകരിച്ചില്ലെന്നും പി വി അൻവർ ചൂണ്ടിക്കാണിച്ചിരുന്നു. എവിടെയാണ് വോട്ട് ചോർന്നതെന്ന് കൃത്യമായി പരിശോധിക്കാൻ സാധിക്കുമല്ലോ ആ ഒരു പരിശോധനയിലേയ്ക്കൊന്നും ആരും പോയിട്ടില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ചതിച്ചു എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് വെയിറ്റ് ആൻഡ് സീ എന്ന നിലയിൽ മൗനത്തിൽ നിൽക്കുന്നതെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

പേരാമ്പ്രയിൽ യുഡിഎഫ് എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണത്തിലായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ സ്ഥാനാർഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാർഥി ഉണ്ടായിരുന്നുവെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീൺ കുമാർ പറഞ്ഞിരുന്നു.സ്ഥാനാർഥി നിർണയം പിഴച്ചില്ലായിരുന്നുവെങ്കിൽ 13-ൽ 13-ഉം നമ്മൾ ജയിച്ചേനെ എന്നുള്ള സത്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി വി അൻവർ 7,487 വോട്ടുകൾക്കാണ് മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതെന്നും ഡിസിസി പ്രസി‍ഡൻ്റ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രവീൺ കുമാറിനെതിരെ വിമർശനവുമായി പി വി അൻവറും രം​ഗത്ത് വന്നിരുന്നു. ചേർത്ത് നിർത്തിയവർ തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു ഫേസ്ബുക്ക് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പി വി അൻവറിൻ്റെ വിമർശനം. കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ എംഎൽഎ ബേപ്പൂരിലെ തോൽവിയെ കുറിച്ച് പറഞ്ഞ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അൻവറിൻ്റെ വിമർശനത്തിന് പിന്നാലെ താൻ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നായിരുന്നു പ്രവീൺ കുമാറിൻ്റെ വിശദീകരണം. പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞതാണ്. ഏണിയോ , കൈപ്പത്തിയോ ചിഹ്നത്തിൽ മത്സരിച്ചാൽ ആരായാലും ജയിക്കുമായിരുന്നു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും പ്രവീൺ കുമാർ വിശദീകരിച്ചിരുന്നു.

Content Highlights: P M Niyas criticised the DCC president's statement regarding P V Anvar's election defeat, calling the remarks inappropriate and unnecessary.

To advertise here,contact us