നേപ്പാൾ പ്രളയം: കുടുങ്ങിയ മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ CM ഓഫീസിനെ അറിയിക്കാം

നേപ്പാളിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീഷിക്കുകയാണ്

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ വിനോദ സഞ്ചാരികളായ മലയാളികളെ കാണാതായതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. നേപ്പാളിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കാണാതായെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ 1070ല്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. പേര്, യാത്ര ചെയ്ത തീയതി, പ്രളയ ബാധിത പ്രദേശത്തെത്തിയ തീയതി, അവസാനം ബന്ധപ്പെടാന്‍ സാധിച്ച തീയതി, മൊബൈല്‍ നമ്പര്‍ , യാത്രാ ഏജന്‍സിയുടെ പേര് - വിവരങ്ങൾ, എന്നിവ അറിയിക്കണമെന്നാണ് നിർദേശം. ലഭിക്കുന്ന വിവരങ്ങള്‍ നേപ്പാള്‍ സര്‍ക്കാരിന് കൈമാറുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മിന്നല്‍ പ്രളയത്തില്‍ മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍ ആര്‍ കെ ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനങ്ങള്‍ക്കായി നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ ഈ നമ്പറില്‍ 18004253939 ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്ന് ടോള്‍ഫ്രീ നമ്പറിലും +91 8802012345 ബന്ധപ്പെടാം

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രളയത്തിൽ മരണസംഖ്യ 22 ആയി ഉയർന്നു. നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികളെ കാണാനില്ല. ഇതുവരെ 17 മരണം സ്ഥിരീകരിച്ചതായാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 26 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായതായി.

ടിബറ്റിലെ ഭോട്ടെ കോശി നദിയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. നദിക്ക് സമീപം നിരവധി ഗ്രാമങ്ങള്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ടിബറ്റ് ഭാഗത്തുനിന്ന് ഭോട്ടെ കോശി നദിയിലേക്ക് വലിയ അളവില്‍ വെള്ളമെത്തി. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 14 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു. കാണാതായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ബാലേന്ദ്ര ഷാ അറിയിച്ചു. തെരച്ചിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: The Kerala Chief Minister's Office has issued a warning after Malayali tourists were reported missing amid flash floods in Nepal.

To advertise here,contact us