തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര് അനില്‍. 100 ദിനം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ജനക്ഷേമം അല്ല മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും ജി ആര് അനില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സ്ത്രീസുരക്ഷാ പെന്ഷന് സര്‍ക്കാര്‍ പൂര്‍ണമായി അട്ടിമറിച്ചെന്നും ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റനാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യതൊഴിലാളികളെ കാണാതായിട്ട് 10 ദിവസത്തിനു ശേഷമാണ് ഒരു മന്ത്രി അവരുടെ വീട്ടില്‍ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോള്‍ അനുഭവസമ്പത്തുള്ള ഒരു ഉദ്യോഗസ്ഥര്‍ പോലും ഉണ്ടായിരുന്നില്ലെന്നും ഇത് എല്ലാ വകുപ്പുകളെയും ബാധിക്കുകയും പൊതുവിതരണ സംവിധാനം താളം തെറ്റുകയും ചെയ്തെന്നും ജി ആര് അനില്‍ പറഞ്ഞു.
അതോടൊപ്പം ഭക്ഷ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും യഥാര്‍ത്ഥ കണക്ക് ഭക്ഷ്യവകുപ്പ് പുറത്തുവിടണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. '83 ലക്ഷം കുടുംബമാണ് കഴിഞ്ഞ ഓണക്കാലത്ത് പൊതുവിതരണ സംവിധാനത്തെ ആശ്രയിച്ചത്. നിലവില്‍ 68 ലക്ഷം കുടുംബമാണ് റേഷന്‍ കടകളില്‍ എത്തിയത്. 324 കോടിയുടെ വില്പനയാണ് നിലവില്‍ സപ്ലൈകോയില്‍ നടന്നത്. കഴിഞ്ഞവര്‍ഷം ഉത്രാടം ദിനത്തില്‍ 386 കോടി രൂപയുടെ വില്പനയും സബ്സിഡി ഇനത്തില്‍ 180 കോടിയുടെ വില്‍പ്പനയും നടന്നു. ഇപ്പോള്‍ 117 കോടിയുടെ വില്‍പ്പനയാണ് സബ്സിഡി ഇനത്തില്‍ നടന്നത്' ജി ആര് അനില്‍ പറഞ്ഞു. കണക്കുകള്‍ പരിശോധിച്ചാല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തികഞ്ഞ പരാജയമാണെന്നും കഴിഞ്ഞ ഓണക്കാലത്ത് 53 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: MLA G R Anil Launches Strong Criticism Against the Government