പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷന് ഓഫീസ് ഉപരോധിക്കുകയാണ്. മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ്.
റെയില്‍വേ ഡിവിഷന് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ച് എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ഒരുക്കിയ സംരക്ഷണം തകര്‍ത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിവിഷന് ഓഫീസിലേക്ക് പ്രവേശിച്ചത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തില്‍ 5 അംഗ സംഘമാണ് ആദ്യം ഡിവിഷന് ഓഫീസിലേക്ക് പ്രവേശിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിവിഷന് ഓഫീസിന്റെ ഗേറ്റ് തള്ളി തുറക്കുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
പാലക്കാട് ഡിവിഷന് വിഭജനത്തില്‍ സിപിഐഎം പ്രതിഷേധം ശക്തമാക്കുകയാണ്. ഡിവൈഎഫ്ഐക്ക് പുറമേ റെയില്‍വേ ഡിവിഷന് ഓഫീസിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. വിഷയത്തിൽ കേരളത്തിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു.
Content Highlights: DYFI has intensified its protest in front of the Palakkad Railway Division office against the proposed division of the railway division.