കൊച്ചി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ച വിസ്മയ മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് സിപിഐ. അനുഗ്രഹീത കലാകാരിയായ വിസ്മയയ്ക്കൊപ്പമാണെന്നും ഇത്തരം സൈബര്‍ വേട്ടയില്‍ ജനാധിപത്യ ബോധമുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളെ സംസ്കാര ശൂന്യമായി കടന്നാക്രമിക്കുകയെന്നതാണ് സംഘപരിവാര്‍ ശൈലി. ഹിറ്റ്ലറുടെയും ഗീബല്സിന്റേയും സ്കൂളില്‍ നിന്നാണ് ഇവര്‍ ഇത് പഠിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിസ്മയ ഇനിയും തന്റേടത്തോടെ അഭിപ്രായം പറയണമെന്ന് മുന്‍ മന്ത്രി പി പ്രസാദും പറഞ്ഞു. സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നു. മോശവും നീചവുമായ വാക്കുകള്‍ ഉപയോഗിച്ചാണ് സൈബര്‍ ആക്രമണം. സ്ത്രീകളെ പൂജിക്കണം എന്ന് പറയുന്ന വിഭാഗത്തില്‍ നിന്നാണ് ഈ ആക്രമണം. പ്രതികരിക്കാന്‍ അവകാശമില്ല എന്ന് സംഘപരിവാര്‍ പറയുന്നു. ഈ നാട്ടിലെ ഒരു പെണ്‍കുട്ടിക്ക് എന്തുകൊണ്ട് ഒരു അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ല. വീടിനടുത്തേയ്ക്ക് ഫാസിസം എത്തിക്കഴിഞ്ഞു. വിസ്മയ്ക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ കശാപ്പു ചെയ്യപ്പെടുന്നത് ജനാധിപത്യമാണെന്നും പി പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹന്‍ലാല്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ വിസ്മയുടെ പോസ്റ്റിന് താഴെയും മോഹന്‍ലാലിനെതിരെയും വലിയതോതില്‍ അധിക്ഷേപ കമന്റുകള്‍ വന്നിരുന്നു. സിജെപി പ്രതിഷേധത്തിന് പിന്നാലെ രാഷ്ട്രീയം അറിയാതെയാണ് വിസ്മയ പ്രതികരിക്കുന്നതെന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
Content Highlights: CPI has condemned the cyber attack against Vismaya Mohanlal after she expressed support for the student protests over the alleged NEET question paper leak