വഖഫ് ബോര്‍ഡ് യോഗം വിളിച്ച് ചെയര്‍മാന്‍; നീക്കം ഹൈക്കോടതി വിധി നിലനില്‍ക്കെ

ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വഖഫ് ജോയിന്‍റ് സെക്രട്ടറി മദീന ബീഗം മുന്നറിയിപ്പ് നല്‍കി

കോഴിക്കോട്: വഖഫ് ബോര്‍ഡ് യോഗം വിളിച്ച് ചെയര്‍മാന്‍ കെ എസ് ഹംസ. നയപരമായ തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് യോഗം. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വഖഫ് ജോയിന്‍റ് സെക്രട്ടറി മദീന ബീഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറ്റിങ്ങില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡിന് യോഗ്യതയില്ല. എന്നിട്ടും എന്തിനാണ് യോഗം വിളിച്ചതെന്നാണ് ഉയരുന്ന ചോദ്യം. വഖഫ് ബോര്‍ഡും സര്‍ക്കാരും തമ്മലുള്ള നേര്‍ക്കുനേര്‍ തര്‍ക്കത്തിനാണ് ഇത് വഴിതുറക്കുന്നത്.

അതേസമയം, വഖഫ് നിയമന വിവാദത്തില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. ചന്ദ്രിക ദിനപത്രത്തില്‍ നൽകിയ വിശദീകരണ ലേഖനത്തിലാണ് ലീഗ് ജനറസല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിമർശനം. വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാരാണ് എന്നായിരുന്നു സലാമിന്റെ ആരോപണം. വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ലീഗിന്റെ നിരന്തര പോരാട്ടമാണ് അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

വഖഫ് ഭേദഗതി നിയമനത്തിനെതിരെ മുസ്‌ലിം ലീഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശബ്ദമുയര്‍ത്തി. എന്നാല്‍ 2026 ഫെബ്രുവരി നാലിന് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ മുഴുവന്‍ അംഗങ്ങളേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഇത് കേന്ദ്ര നിയമം പിന്‍പറ്റിയാണെന്നാണ് സലാം ഉയര്‍ത്തുന്ന ആരോപണം. കേന്ദ്രത്തെ ചാണിന് ചാണായി പിന്‍തുടരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം. അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പിന്നീട് ഉള്‍പ്പെടുത്താം എന്നാണ് പറഞ്ഞതെന്നും ലേഖനത്തില്‍ പറയുന്നു. വിഷയത്തില്‍ നിലവിലുള്ള നാല് കേസുകളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി വാദം ആരംഭിച്ചത്. ഇതര മതസ്ഥരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം, വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ലീഗിനും വകുപ്പ് മന്ത്രിക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിഷയത്തില്‍ വ്യക്തത വരുത്തിയില്ലെന്നായിരുന്നു ആക്ഷേപം. പുനഃസംഘടന സുപ്രീംകോടതി വിധിയനുസരിച്ചായിരിക്കുമെന്ന് വ്യക്തമാക്കിയില്ലെന്നതാണ് ലീഗിന്റെ അതൃപ്തിക്ക് കാരണം. അമുസ്‌ലിം അംഗങ്ങളെ തല്‍കാലം നിയമിക്കില്ലെന്നും സുപ്രീംകോടതി വിധിയനുസരിച്ച് മാത്രം മുന്നോട്ടുപോകുമെന്നും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു. സെക്ഷന്‍ 14 സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നെന്നും വിമര്‍ശനമുണ്ട്. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങള്‍ പാടില്ല എന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്.

Content Highlights:waqf board chairman ks hamsa convenes meeting

To advertise here,contact us