'കള്ളന്‍ വിജയന്‍', ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ഫീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ടി സി രാജേഷ്

തലക്കെട്ടില്‍ വന്ന ജാഗ്രതക്കുറവിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജേഷ് ഫീച്ചര്‍ പങ്കുവെച്ചിരിക്കുന്നത്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ 'കള്ളന്‍ വിജയന്‍' എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി സി രാജേഷ്. തലക്കെട്ടില്‍ വന്ന ജാഗ്രതക്കുറവിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജേഷ് ഫീച്ചര്‍ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി സി രാജേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

നാടകവേദിയിലെ 'കള്ളന്‍' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് 'കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന മേല്‍വിലാസത്തില്‍ അയക്കുന്ന കത്തുകള്‍ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നല്‍കിയതെന്ന് രാജേഷ് പറയുന്നു. എന്നാല്‍ തലക്കെട്ട് വിവാദമായതാണ് ഫീച്ചര്‍ പുറത്തിറങ്ങാതിരിക്കാന്‍ കാരണം. വിജയന്റെ മൂന്നര പതിറ്റണ്ടിലധികം നീണ്ട നാടക ജീവിതവും അദ്ദേഹം സഞ്ചരിച്ച വഴികളുമാണ് ഫീച്ചറിന്റെ ഉള്ളടക്കം. വി എസ് അനുസ്മരണ ലേഖനത്തോടൊപ്പമായിരുന്നു ഫീച്ചറും പുറത്തിറങ്ങേണ്ടിയിരുന്നത്.

സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ കഴിഞ്ഞ ഞാറാഴ്ച വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചിരുന്നു. അനൗദ്യോഗികമായായിരുന്നു വിശദീകരണം.

ഇതിന് പിന്നാലെ പ്രതികരിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഐഎം മുതിര്‍ന്ന നേതാവ് എം സ്വരാജ് രംഗത്തെത്തി. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നുമാണ് സ്വരാജ് പറഞ്ഞത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്നമുണ്ടാകുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍ എം സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഫീച്ചര്‍ ചെയ്യുന്നതിനായി ദേശാഭിമാനിയില്‍ നിന്നും രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മടങ്ങിയതെന്നും വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വിഷയത്തില്‍ വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന്‍ നല്‍കിയ മറുപടി.

Content Highlights: Journalist TC Rajesh shared the controversial 'Kallan Vijayan' feature on social media, taking full responsibility for the headline that drew criticism. The report focused on the theatre village of Pullampara in Thiruvananthapuram and its renowned theatre artist Vijayan, clarifying the original intent of the story.

To advertise here,contact us