പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന

പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുമ്പ് ബിജുവും സംഘവും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേതുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിച്ചണ്‍ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞിരുന്നു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിയിരുന്നു. അത്തരം ഒരു വിവരം ബിജു പൊലീസിന് നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Content Highlights: Palayam Case One Taken into Custody Suspected to Be Biju's Relative

To advertise here,contact us