കൊച്ചി: മതപരമായ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ ഉത്തരവിന് സ്റ്റേ. സര്‍ക്കുലര്‍ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെ വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഡോ. പി എസ് മഹേന്ദ്ര കുമാറാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂറിലും, കൊച്ചിയിലും പല ക്ഷേത്ര ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനില്‍ക്കുന്ന കീഴ്വഴക്കം ആണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ ചിലത് ക്ഷേത്ര ആചാരങ്ങളുടെ ഭാഗമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍ ഡിജിപി പുറപ്പെടുവിച്ചത്. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു നടപടി. കേസ് അടുത്തമാസം 17-ന് കോടതി വീണ്ടും പരിഗണിക്കും.
Content Highlights:dgp order banning police officers in uniform at religious events stayed by court