തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകത്തിന് വിട്ടുനല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനം. സ്മാരകത്തിനായി ഭൂമി അനുവദിച്ച മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ആരോഗ്യവകുപ്പാണ് ഭൂമി കൈമാറ്റം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനമായത്.
2023ലായിരുന്നു പി കൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുന്നതിനായി സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി സാംസ്കാരിക വകുപ്പിന് വിട്ടുനല്‍കിയത്. വയോജനങ്ങളെ സംരക്ഷിക്കുക, അവശകലാകാരന്മാരെ സംരക്ഷിക്കുക എന്നാതായിരുന്നു ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്നുള്ള ഭൂമിയായിരുന്നു വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ജനുവരി 23ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവാണ് യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയത്.
ഈ ഭൂമിയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനായി സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയിരുന്നില്ല. ഇന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അധികൃതരുമായി ആരോഗ്യമന്ത്രി കെ മുരളീധരന് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിൽ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് ശേഷം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഭൂമി തിരിച്ചെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. 1.73ഏക്കര്‍ ഭൂമിയായിരിക്കും ഇന്തോ-ടിബറ്റൻ പൊലീസിന് വിട്ടുനൽകുക.
Content Highlights- The Kerala government has decided to reclaim the land allotted for constructing the P Krishna Pillai memorial in Alappuzha