മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പന: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് വകുപ്പ്

എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

കൊച്ചി: മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പനയിൽ ഇടപ്പെട്ട് എക്സൈസ് വകുപ്പ്. സംഭവം അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ കള്ള് വില്‍പ്പന എക്‌സൈസ് വിജിലന്‍ ഓഫീസര്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വ്യാജ കള്ള് വില്‍ക്കാന്‍ എങ്ങനെ ലൈസന്‍സ് കിട്ടിയെന്ന് അന്വേഷണ സംഘം പരിശോധിക്കും. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

ലൈസന്‍സും പെര്‍മിറ്റും ഉണ്ടെന്ന വ്യാജേനെയാണ് കള്ള് ചെത്ത് നടത്തുന്നത്. സംസ്ഥാന വ്യാപകമായി നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചു പോയവരുടെ പേരിൽ ഉൾപ്പെടെ സമ്മതപത്രം നൽകി മൂവാറ്റുപുഴ റേഞ്ചിൽ മാത്രം ലൈസൻസ് ഒപ്പിച്ചത് 15 ഓളം ഷാപ്പുകളായിരുന്നു. ഒരു പന പോലുമില്ലാത്ത തോട്ടങ്ങളിൽ പോലും കള്ള് ചെത്തുന്നതായായിരുന്നു രേഖകൾ. വ്യാജ രേഖകൾ സമർപ്പിച്ചിട്ടും എങ്ങനെ ലൈസൻസ് നൽകി എന്നും, എന്തുകൊണ്ട് കൃത്യമായ പരിശോധന നടത്തിയില്ലെന്നും ഉൾപ്പെടെ അന്വേഷിക്കാനാണ് നിർദ്ദേശം. അന്വേഷണത്തിന് ഉത്തരവിട്ട എക്‌സൈസ് വകുപ്പ്, കള്ളിന്റെ ഗുണനിലവാരം അടക്കം പരിശോധിക്കുമെന്നാണ് വിവരം. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതിനിടെ, വ്യാജ കള്ള് ഉത്പാദനവും വിതരണവും തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ശുദ്ധിയില്‍ രണ്ടാഴ്ചക്കിടെ 8806 കള്ളുഷാപ്പുകളാണ് പരിശോധിച്ചത്. പിടികൂടിയ മദ്യത്തില്‍ നിന്ന് 1724 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് പാലക്കാടാണ്. ഇവിടെ 1287 ഷാപ്പുകളില്‍ നടത്തിയ പരിശോധനയില്‍ 105 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.1851 കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളും പരിശോധിച്ചു.

Content Highlights: The Kerala Excise Department has launched an investigation into the alleged sale of fake toddy in Muvattupuzha. Officials will also examine suspected fake licences as part of the inquiry.

To advertise here,contact us