പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകന് കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന് അന്തിമ തീരുമാനമെടുക്കുക.
ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന് യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി ഡി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. സ്വര്‍ണ്ണകൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കണ്ഠരര് രാജീവര് പ്രതി ആണ്. താഴമണ്‍ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പറഞ്ഞത്.
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന് കണ്ഠരര് ബ്രഹ്മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കമെന്നായിരുന്നു വിലയിരുത്തല്‍. പിന്നാലെ താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാനും തീരുനിച്ചിരുന്നു. അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചിരുന്നത്. ശബരിമല തന്ത്രിയെ മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ്ണ അധികാരമുണ്ടെന്നായിരുന്നു പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവര്‍മ്മയുടെ പ്രതികരണം. യോഗ്യത ഉള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരവും ബോര്‍ഡിനുണ്ടെന്ന് സൂചിപ്പിച്ച് രാജരാജവര്‍മ്മ ദേവസ്വം മന്ത്രി കെ മുരളീധരന് കത്തയക്കുകയും ചെയ്തു.
Content Highlights: Brahmadattan, son of the current Sabarimala Thantri Kandararu Rajeevaru, is reportedly set to become the next Thantri. The Travancore Devaswom Board is said to have reached a majority decision and plans to inform the Kerala High Court. The court's Devaswom Bench will take the final call on the appointment.