നിയമസഭയിലെ പരാമര്‍ശം മോര്‍ഫ് ചെയ്തു; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ കെ എന്‍ ബാലഗോപാല്‍

'എല്‍ഒപി എഴുന്നേറ്റ് സംസാരിക്കണം' എന്ന പരാമര്‍ശം മറ്റ് ദൃശ്യങ്ങൾ ചേർത്ത് വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബാലഗോപാൽ ആരോപിക്കുന്നത്

തിരുവനന്തപുരം: നിയമസഭയിലെ പരാമര്‍ശം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കെ എന്‍ ബാലഗോപാല്‍. തന്റെ പരാമര്‍ശം മറ്റ് ദൃശ്യങ്ങള്‍ ചേര്‍ത്ത് എഡിറ്റുചെയ്ത് മോശമാക്കിയെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന രൂപത്തില്‍ ചിത്രീകരിച്ചെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 'എല്‍ഒപി എഴുന്നേറ്റ് സംസാരിക്കണം' എന്ന പരാമര്‍ശത്തിലാണ് പരാതി. എല്‍ഒപി സംസാരിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും യാഥാര്‍ത്ഥ്യം മനസിലാക്കാതെ സ്പീക്കര്‍ സഭയ്ക്ക് പുറത്ത് വിമര്‍ശിച്ചത് ശരിയായില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സഭാ സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ പിണറായി വിജയനോട് എഴുന്നേറ്റ് എന്തെങ്കിലും പറയ്, ഇങ്ങനെ മിണ്ടാതിരിക്കല്ലെ' എന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബാലഗോപാലിന്റെ വീഡിയോയും വൈറലായിരുന്നു. പ്രതിപക്ഷ നേതാവിനോട് ബാലഗോപാല്‍ കയര്‍ത്ത് സംസാരിച്ചുവെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്.

പിന്നാലെ കെ എന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. പിണറായി വിജയന്‍ കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം പൂര്‍ണമായും തള്ളുകയായിരുന്നു.

Content Highlights: Kerala Finance Minister K N Balagopal is set to issue a breach of privilege notice over his morphed assembly speech being circulated with misleading claims.

To advertise here,contact us