കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില് നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പരിശോധിക്കുന്നുണ്ട്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെയാണ് ഷാനിന്റെ ബന്ധുക്കള്‍ വിവരം അറിയുന്നത്. ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയാണ്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടുകയായിരുന്നു.
Content Highlights: More details have emerged about the Kannur Koodali accident that claimed the lives of four people, with further information awaited from authorities.