സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ല; ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ല: കെ കെ ശൈലജ

ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്താലും വൃത്തിയായി ചെയ്യണമെന്നും അവർ പറഞ്ഞു

ന്യൂഡല്‍ഹി: സിപിഐഎമ്മില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ കെ ശൈലജ. പരാജയമുണ്ടായാല്‍ നേതൃത്വത്തെ മാറ്റുന്ന രീതി സിപിഐഎമ്മിലില്ലെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടി അല്ലല്ലോ സിപിഐഎമ്മെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിലും അവര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു അവരുടെ പ്രതികരണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്ഷീണിക്കാതിരിക്കാനുള്ള ഇടപെടല്‍ എന്താണെങ്കിലും അത് ചെയ്തിരിക്കുമെന്നും അവർ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് എം ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടാകുമെന്നാണ് കെ കെ ശൈലജയുടെ നിലപാട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകണം. പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് പോകരുതെന്നും കെ കെ ശൈലജ പറഞ്ഞു.

ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്താലും വൃത്തിയായി ചെയ്യണം. വളരെ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വകുപ്പും സര്‍ക്കാരും ശ്രദ്ധിക്കണമെന്നും മുന്‍ ആരോഗ്യമന്ത്രി കൂടിയായ അവര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന മരണം കുറയ്ക്കണം. സാധാരണക്കാരന് സൗജന്യ ചികിത്സ ഉറപ്പാക്കണം. ഇതിനൊക്കെ തടസ്സം വന്നാല്‍ ജനങ്ങള്‍ എന്തായാലും പ്രതികരിക്കും.

ഏതു പാര്‍ട്ടി ഭരിച്ചാലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഏറ്റെടുത്തില്ലെങ്കില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. വകുപ്പ് ആര് കൈകാര്യം ചെയ്താലും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളത്തില്‍ എയിംസ് എവിടെയെങ്കിലും ഒന്ന് വന്നാല്‍ മതിയെന്ന് പറഞ്ഞ കെ കെ ശൈലജ സംസ്ഥാന സര്‍ക്കാരില്‍ അഭിപ്രായ ഐക്യം ഇല്ലെന്നാണ് മനസ്സിലാകുന്നതെന്നും പ്രതികരിച്ചു.

Conten Highlights: K K Shailaja said there will be no leadership change in the party

To advertise here,contact us