കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബര്‍ പിടിയില്‍

അക്ബറിനെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍.

കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. അക്ബറിനെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍.

നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാള്‍ എന്നുള്ള വിവരം നേരത്തേ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സെക്സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടികള്‍ പറഞ്ഞത്. ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അക്ബര്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കായിരുന്നു ഇവര്‍. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്.

Content Highlights- Akbar, the main accused in the Kaloor case involving an attack on girls, has been arrested by police. The arrest comes as part of the ongoing investigation into the incident

To advertise here,contact us