ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ ഇ ഡി അന്വേഷണ അനുമതിക്ക് പിന്നാലെ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട എം ആര് അജയനാണ് തടസ്സ ഹര്‍ജി നല്‍കിയത്. ഇ ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ അപ്പീല്‍ നല്കിയാല് തന്റെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. അഭിഭാഷക അശ്വതി എം ആര് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. ഇ ഡി അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നടപടി. സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇ ഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നായിരുന്നു സിഎംആര്‍ലിന്റെ വാദം.
Content Highlights- A petition has been moved before the Supreme Court seeking to stall further action after approval was granted for an Enforcement Directorate investigation in the CMRL-Exalogic case.