കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

ആർത്തവ അവധി മൂലം വിദ്യാർത്ഥികൾ മാറ്റി നിര്‍ത്തപ്പെടും എന്ന് തോന്നുന്നില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു

തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അതിന് പ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. 'അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള വിഷയത്തില്‍ മാത്രമാണ് പരിശോധന'; എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

സ്‌കൂളുകളില്‍ ഒരു ദിവസം കളര്‍ വസ്ത്രം ആക്കണമെന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ചര്‍ച്ചകള്‍ക്ക് സേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കുട്ടികള്‍ക്ക് അങ്ങനൊരു ആവശ്യമുണ്ട്. ഒരു ദിവസം കളര്‍ വസ്ത്രം വേണം എന്നതിനോട് വ്യക്തിപരമായി യോജിക്കുന്നു. കുട്ടികളില്‍ നിന്ന് വന്ന ആവശ്യത്തെ തുടര്‍ന്നാണ് ആലോചന. ഇന്നത്തെ കാലത്ത് ഒരു പ്രയാസം ഉണ്ടാകുമോ? ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പ്രഖ്യാപിക്കൂ. ഒരു ദിവസം സ്വാതന്ത്ര്യം വേണം എന്ന് കുട്ടികള്‍ പറയുന്നത് ന്യായമാണ്' എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

ആര്‍ത്തവ അവധി സംബന്ധിച്ച് നെഗറ്റീവ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും എല്ലാവര്‍ക്കും അവധി എന്ന് പറയുന്നില്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു. 'ആര്‍ത്തവ അവധി പ്രഖ്യാപിച്ചത് നയപ്രഖ്യാപനത്തിന്റെ ഭാഗമായാണ്. ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. അല്ലാത്തവരുമുണ്ട്. ചര്‍ച്ച ചെയ്യപ്പെട്ടത് നെഗറ്റീവ് കാര്യങ്ങളാണ്. എല്ലാവര്‍ക്കും അവധി എന്ന് പറയുന്നില്ല. വലിയ ബുദ്ധിമുട്ട് ഉളളവര്‍ക്ക് ഇളവ് എന്നാണ് ഉദ്ദേശിച്ചത്. മാറ്റി നിര്‍ത്തപ്പെടും എന്ന് തോന്നുന്നില്ല'- എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും എല്ലാം ഒറ്റയടിച്ച് തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. '42 ലക്ഷത്തോളം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലെത്തി. 3,14,000 കുട്ടികള്‍ ആദ്യമായി സ്‌കൂളിലെത്തി. വിജ്ഞാപനം വരും മുന്നേ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വന്നു. യൂണിഫോമും പുസ്തകവും ഉറപ്പാക്കാനാണ് ഈ കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പരിശ്രമിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. നിയമനം, റാങ്ക് ലിസ്റ്റ് എന്നിവയില്‍ ആക്ഷേപങ്ങളുണ്ട്. എല്ലാം ഒറ്റയടിക്ക് തീര്‍പ്പാക്കാന്‍ കഴിയില്ല. സാവകാശത്തോടെ എല്ലാം പരിഹരിക്കാമെന്നാണ് പ്രതീക്ഷ. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപ്പാക്കിയത്. പെട്ടെന്ന് ഒരു അഴിച്ചുപണി ഉദ്ദേശിക്കുന്നില്ല. നടപ്പാക്കിയ ശുപാര്‍ശകളില്‍ മാറ്റം വേണോ എന്ന് പരിശോധിക്കും. അശാസ്ത്രീയത ഉണ്ടെങ്കിലേ പുനഃപരിശോധിക്കൂ'; എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ എംഒയു ഒപ്പിട്ട കാര്യമാണ്, അതുകൊണ്ട് ആ കരാറിന്റെ ഭാവി എന്താണ്, ഏകപക്ഷീയമായി പിന്മാറാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പ്രധാന അധ്യാപകര്‍ ഇല്ലാത്ത വിഷയമെല്ലാം പരിശോധിച്ചുവരികയാണെന്നും വേക്കന്‍സി നികത്തുന്നത് ഉള്‍പ്പെടെ അടിയന്തരമായി ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Old schools will be renovated and new buildings will be constructed this time: N Shamsuddin

To advertise here,contact us