KK ശൈലജയെ മാറ്റിയത് ക്ഷീണമായെന്ന് CPIM മട്ടന്നൂർ ഏരിയാ കമ്മിറ്റി; പ്രചരണം പിണറായിയിൽ ഒതുങ്ങിയെന്ന് CPI

ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകള്‍ സര്‍വ മേഖലയിലും എല്‍ഡിഎഫിനെ ബാധിച്ചെന്ന് വിമര്‍ശനം

കണ്ണൂര്‍: മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത് ക്ഷീണം ചെയ്‌തെന്ന് മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പെരുമാറ്റം ജനങ്ങളില്‍ വെറുപ്പുളവാക്കിയെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും വിമര്‍ശനമുണ്ട്. കീഴ്ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ല എന്നും അംഗങ്ങള്‍ പറഞ്ഞു.

പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലിലും എല്‍ഡിഎഫിനെതിരെ വിമര്‍ശനമുയര്‍ന്നു. യുഡിഎഫ് ട്രെന്‍ഡ് അനുസരിച്ച് പ്രചരണം നടത്തിയെന്നും എല്‍ഡിഎഫ് പിണറായി വിജയനില്‍ മാത്രം ഒതുങ്ങിയെന്നുമാണ് വിമര്‍ശനം. 'ഇടതുപക്ഷത്തിന്റെ കരുത്തായ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് അകന്നു. 64 ദളിത് സംഘടനകള്‍ എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകള്‍ സര്‍വ മേഖലയിലും എല്‍ഡിഎഫിനെ ബാധിച്ചു. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റിനിര്‍ത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളില്‍ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല', ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. പി സന്തോഷ് കുമാര്‍ എംപി പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.

Content Highlights: CPIM Mattannur area committee and CPI Palakkad council criticise leadership on Kerala Assembly Election lose

To advertise here,contact us