തിരുവനന്തപുരം: രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് തന്നെ സ്പീക്കര്‍ ചുമതലയിലേക്ക് പാര്‍ട്ടി തെരഞ്ഞെടുത്തത്. ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഒന്നിന്റെ തലപ്പത്തെത്താന്‍ കഴിഞ്ഞത് അതിപ്രധാന നിമിഷമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 'ത്രില്ലിലാണ്. ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധമാണ്. അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് ചുമതല ലഭിച്ചത്' എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.
വളരെ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. എന്നാല്‍ രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ല. എല്ലാ അര്‍ത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടമായും മുന്നോട്ടു പോകണം', തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
നിഷ്പക്ഷമായ നിലപാടെടുത്ത് പ്രീതിയില്ലാതെ മുന്നോട്ടുപോകും. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ ആവില്ല. പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും സന്തോഷവും ബഹുമാനവും മാത്രം. ഈ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാഗത്ത് നിന്നുള്ള നാക്കുപിഴ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആവുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. നാക്ക് പിഴക്കാത്ത ആരെങ്കിലുമുണ്ടോയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ പ്രതികരണം. താനും ജനസമൂഹത്തില്‍ ഒരാള്‍ മാത്രമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Content Highlights: There is no opinion that the Speaker should be apolitical said thiruvanchoor radhakrishnan