ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്പിയുടെ റിപ്പോർട്ട് എൽഡിഎഫ് സർക്കാർ പൂഴ്ത്തിയെന്ന് എസ്ഐടി കണ്ടെത്തൽ

അന്വേഷണത്തിൽ എസ്പിയുടെ റിപ്പോർട്ടിലെ ഉള്ളടക്കവും പരിഗണിക്കാൻ എസ്ഐടി നീക്കം തുടങ്ങി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് പൂഴ്ത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. ഗൺമാന്മാർക്കെതിരായ റിപ്പോർട്ടാണ് മുൻ എൽഡിഎഫ് സർക്കാർ പൂഴ്ത്തിയത്. മുൻ എസ്പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയെന്നാണ് കണ്ടെത്തൽ. ഗൺമാന്മാരുടെത് ക്രിമിനൽ നടപടിയാണെന്നും പ്രവൃത്തി അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു മുൻ എസ്പിയുടെ റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ മുൻ എസ്പിയെ സ്ഥലം മാറ്റിയെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തിൽ അന്വേഷണം എസ്ഐടി വേഗത്തിലാക്കിയിരിക്കുകയാണ്. ഇന്ന് സാക്ഷികളുടെയും നാളെ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളിൽ മർദ്ദന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിക്കുമെന്നും ഗൺമാൻമാരെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി ചോദ്യംചെയ്യുമെന്നും എസ്ഐടി അറിയിച്ചു. അന്വേഷണത്തിൽ എസ്പിയുടെ റിപ്പോർട്ടിലെ ഉള്ളടക്കവും പരിഗണിക്കാൻ എസ്ഐടി നീക്കം തുടങ്ങി.

സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

2023 ഡിസംബറിലുണ്ടായ സംഭവത്തെ രക്ഷാപ്രവര്‍ത്തനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും കൃത്യനിര്‍വഹണം മാത്രമാണുണ്ടായതെന്ന വിചിത്ര റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. എന്നാല്‍, മാധ്യമങ്ങളിലടക്കം വന്ന ദൃശ്യങ്ങള്‍ കണ്ട കോടതി, ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എസിനുമെതിരെ പുനരന്വേഷണത്തിന് നിര്‍ദേശിച്ചു. പക്ഷേ, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ത്തന്നെ എസ്‌ഐടി രൂപീകരിച്ച് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി ഷൗക്കത്തലി മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ്. ഏഴംഗ സംഘം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ 15 ദിവസമാകുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. കേരളത്തിലെ യുവജനങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയ നടപടിയെന്നാണ് മര്‍ദ്ദനത്തിനിരയായ നിയുക്ത ആലപ്പുഴ എംഎല്‍എ എ ഡി തോമസ് പ്രതികരിച്ചത്.

Content Highlight : Assault by former Chief Minister Pinarayi Vijayan’s gunmen: Special Investigation Team alleges that the LDF government suppressed the SP’s report.

To advertise here,contact us