കോഴിക്കോട്: വി ഡി സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ എതിര്‍പ്പുമായി സിപിഐഎം. സത്യപ്രതിജ്ഞയില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്കയുണ്ടെന്ന് നിയുക്ത എംഎല്‍എ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുളളതെന്നും തുടര്‍ന്ന് വരുന്ന ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ലോക്ഭവന്റെ പല നിര്‍ദേശങ്ങളും ഉപദേശങ്ങളും തിരുത്താന്‍ കാണിച്ച മനസ് ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
'ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ്. തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുളള ശ്രമങ്ങള്‍ വിവാദമായിരുന്നല്ലോ. ചില സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ഇത് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്. സുപ്രീംകോടതിയുടെ നിരീക്ഷണ പ്രകാരം വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് അഡ്വൈസറി മാത്രമാണ്. അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് ശിക്ഷാനടപടി ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു' എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.
പി എ മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ്. വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.
സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു. ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിൻ്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.
ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.
Content Highlights: Muhammad Riyas expresses concern over singing entire Vande Mataram during oath-taking ceremony of vd satheesan government